താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെന്ന് യാത്രക്കാർ. ഇന്നലെ രാത്രിയിൽ കാർ യാത്രക്കാരാണ് കടുവയെ കണ്ടത്. കാറിന് മുന്നിലെ വാഹനത്തിലേക്ക് കടുവ ചാടുകയായിരുന്നു എന്നാണ് വിവരം.(Tiger found at the Thamarassery Churam)
വയനാട്ടുനിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുകയായിരുന്നു യാത്രക്കാർ. ഈ സമയം കാറിനു മുന്നിലെ വാഹനത്തിലേക്ക് ചാടിയ കടുവ ശേഷം മുകളിലേക്ക് തിരിച്ചു പോവുകയായിരുന്നെന്നും യാത്രക്കാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവരെ കൂടാതെ മുന്‍പില്‍ യാത്ര ചെയ്ത ബൈക്ക് യാത്രികനും കടുവയെ കണ്ടിരുന്നു.
ഉടൻ തന്നെ യാത്രക്കാർ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. നിലവിൽ വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്. ചുരത്തിലെ എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്നാണ് യാത്രക്കാർ പറയുന്നത്.