തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേക്ഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂന്നു തലത്തിലുള്ള അന്വേഷണത്തിനാണ് തീരുമാനമായത്. പൂരം കലക്കലില്‍ തുടരന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അന്വേഷണത്തിന് തീരുമാനമായത്.(Thrissur Pooram issue: Kerala Government Orders In-Depth Investigation)
അതേസമയം എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന പദവിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിന്റെ വീഴ്ചകള്‍ സൂചിപ്പിച്ച് ഡിജിപി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഡിജിപിക്കുണ്ടായ വീഴ്ചകള്‍ ഡിജിപി അന്വേഷിക്കും. പൂരം അട്ടിമറിയില്‍ ഉദ്യോഗസ്ഥ ഇടപെടലുണ്ടായിട്ടുണ്ടോ, ഗൂഢാലോചനയുണ്ടായിട്ടോ എന്നിവയെല്ലാം ഇന്റലിജന്‍സ് മേധാവി അന്വേഷിക്കും.
പൂരം കലക്കലില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോ, ആരാണ് അട്ടിമറി നടത്തിയത്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് സഹായകരമായി അട്ടിമറിയുണ്ടായിട്ടുണ്ടോ എന്നിവ ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും. പൂരം കലക്കല്‍ സംഭവമുണ്ടായപ്പോള്‍, സ്ഥലത്തുണ്ടായിരുന്ന അജിത് കുമാര്‍ എന്തുകൊണ്ട് ഇടപെട്ടില്ലെന്നത് സംശയകരമാണെന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.