തൃശ്ശൂര്‍: തൃശൂർ പൂരം വിവാദങ്ങൾക്കിടെ ആംബുലൻസിൽ പൂര നഗരിയിലേക്ക് എത്തിയ സംഭവത്തിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷിന്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.(Thrissur pooram ambulance controversy; Police case registered against suresh gopi)
പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷിന്റെ പരാതി.
രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നും പരാതിയില്‍ പറയുന്നു.