തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ജൂലൈ മുതൽ ഡിസംബർ വരെ ബാധകമായ ക്ഷാമബത്തയിൽ (ഡിഎ) മൂന്ന് ശതമാനം വർധന. ഡിഎ കണക്കാക്കുന്നതിനുള്ള മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വിലസൂചികയുടെ വാർഷിക ശരാശരി 392.83 പോയിന്റിൽ നിന്ന് 400.92 പോയിന്റായി ഉയർന്നതിനെത്തുടർന്നാണിത്. കേന്ദ്ര സർക്കാർ പുതിയ വർധനയായ മൂന്ന് ശതമാനം അടുത്ത മാസം പ്രഖ്യാപിച്ചേക്കും.Three percent increase in deficit allowance; May be announced next month; Central and state government employees are expected
3 ശതമാനം വർധനയോടെ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആകെ ഡിഎ 53% ആയും സംസ്ഥാന ജീവനക്കാരുടേത് 31% ആയും ഉയരേണ്ടതാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കു കഴിഞ്ഞ ജൂൺ വരെ ബാധകമായ 50% ഡിഎ പൂർണമായി അനുവദിച്ചിരുന്നു. എന്നാൽ, സംസ്ഥാന ജീവനക്കാർക്ക് 2021 ജൂൺ വരെയുള്ള 9% ഡിഎ ആണ് ഇപ്പോഴും ലഭിക്കുന്നത്.
ഇപ്പോഴത്തെ വർധന ഉൾപ്പെടെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2021 ജൂലൈ മുതൽ ആകെ 7 ഗഡുക്കളായി 22% ഡിഎ കുടിശികയാകുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഡിഎ ഉടനെങ്ങും ലഭിക്കാനിടയില്ല. 2021 ജനുവരി 1 മുതൽ പ്രാബല്യത്തിൽ അനുവദിച്ച 2% ഡിഎയുടെ കുടിശികയും നൽകിയിട്ടില്ല. ഡിഎ അനുവദിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും തുടർനടപടികളൊന്നും ആരംഭിച്ചിട്ടില്ല.