ഓണാഘോഷത്തിനിടെ സംഘർഷം
തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ് മാരകായുധങ്ങളുമായി കടന്നു കയറിയ സംഘം അക്രമമഴിച്ചുവിട്ടത്.
സംഭവത്തിൽ നാലുപ്രതികളെ ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ചിറയിൻകീഴ് ഈഞ്ചയ്ക്കൽ പാലത്തിനു സമീപം ആറ്റുവരമ്പിൽ തിട്ടവീട്ടിൽ പ്രവീൺലാൽ(34), ഈഞ്ചയ്ക്കൽ അനന്തൻതിട്ടവീട്ടിൽ ഉണ്ണി(28), ആറ്റുവരമ്പ് വയൽതിട്ടവീട്ടിൽ കിരൺപ്രകാശ്(29), ഈഞ്ചയ്ക്കൽ വയൽതിട്ട വീട്ടിൽ ജയേഷ്(24) എന്നിവരാണു അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതരമണിയോടെയാണു ആക്രമണം നടന്നത്. ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്കിടെ അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി അതിക്രമം കാണിക്കുകയായിരുന്നു.
പരിപാടികൾ കാണാനിരുന്ന നാട്ടുകാർക്കിടയിലേക്കു അക്രമികൾ ബൈക്കുകൾ ഓടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ സ്ത്രീകളടക്കമുള്ളവരെ അസഭ്യംവിളിച്ചു വാളുകാട്ടി ഓടിക്കാൻ ശ്രമിച്ചു. സംഘാടകരിൽ ചിലർ അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ പ്രശ്നം ഗുരുതരമായി.
സംഘർഷത്തിനിടെ ചിറയിൻകീഴ് കുറട്ടുവിളാകം തവളാത്ത് വീട്ടിൽ അച്ചുലാൽ(35) കുറട്ടുവിളാകം കല്ലുതട്ടിൽ വീട്ടിൽ അജിത്ത്(37), പിന്തിരിപ്പിക്കാൻ എത്തിയ അച്ചുലാലിന്റെ സഹോദരി മോനിഷ(37) എന്നിവരെയാണ് വെട്ടിപ്പരുക്കേൽപിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അച്ചുലാലിനെയും അജിത്തിനേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഹൃദ്രോഗി കൂടിയായ മോനിഷയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്റർ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
2022 ലും സമാനമായ അക്രമം ഓണാഘോഷത്തിനിടെ നടന്നിരുന്നതായും അന്നു അക്രമമഴിച്ചുവിട്ടവരാണ് ഇപ്പോഴത്തെ സംഭവത്തിലും പ്രതികളെന്നും നാട്ടുകാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കാണാതായ പതിനാറുകാരി മരിച്ച നിലയില്‍
കൽപറ്റ: കാണാതായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പുല്‍പ്പള്ളിയിലാണ് സംഭവം. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌ക(16) ആണ് മരിച്ചത്.
ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കനിഷ്‌കയെ കണ്ടെത്തിയത്. പടിഞ്ഞാറത്തറയില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന പെൺകുട്ടിയെ ഞായറാഴ്ച രാത്രി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പുൽപള്ളി പൊലീസിൽ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ കനിഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
മാതാവ്: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനിഷ്‍ക.
Summary: Three people, including a girl, were injured in a violent clash during Onam celebrations at Chirayinkeezhu, Thiruvananthapuram. Police have arrested four suspects involved in the attack with deadly weapons.









