കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ തമിഴ്നാട് മധുര സ്വദേശികൾ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾ 30,000 രൂപ വീതം പിഴയും അടക്കണം. Three accused in Kollam Collectorate bomb blast case get life imprisonment
2016 ജൂൺ 15നായിരുന്നു കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തൊഴിൽ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിൽ പ്രതികൾ ബോംബ് വെച്ചത്. സംഭവത്തിന് ഒരാഴ്ച മുമ്പ് കരിംരാജ എത്തി കലക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വിഡിയോകളും പകർത്തിയിരുന്നു.
ഐ.പി.സി 307, 324, 427, 120 ബി, സ്ഫോടക വസ്തു നിയമം, പൊതുമുതൽ നശീകരണ തടയൽ നിയമം, യു.എ.പി.എ 16ബി, 18, 20 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ മൂന്ന് പ്രതികളും ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടിരുന്നു. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു.
സ്ഫോടക വസ്തു ജീപ്പിൽ വെച്ച ശഷം കരിംരാജ തിരികെ ബസ്സ്റ്റാൻഡിലേക്ക് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവർ, സംഭവത്തിൽ പരിക്കേറ്റവർ, ഈ സമയം കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്നവർ, അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് കേസിലെ സാക്ഷികൾ.