കണ്ണൂർ: തോട്ടട ഐടിഐയിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു ഇന്ന് ജില്ലയിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.(Thottada ITI conflict; Police has registered case against SFI-KSU workers)
സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു പ്രവർത്തകൻ മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ ആഷികിന്റെ പരാതിയിൽ ആറ് കെഎസ്‌യു പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനെതിരെ 17 എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകരുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.
കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിൻ കണ്ണൂർ ചികിത്സയിൽ തുടരുകയാണ്. ഇന്നലെയാണ് ക്യാമ്പസിൽ കെഎസ്‌യു കൊടികെട്ടിയത്. ഇതിന് പിന്നാലെ എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ലാത്തി വീശീയാണ് സംഘർഷം നിയന്ത്രിച്ചത്. സംഘർഷത്തെ തുടർന്ന് ഐടിഐ അനിശ്ചിത കാലത്തേക്ക് അടച്ചു.