ന്യൂഡല്‍ഹി: യോഗ്യതാ മത്സരങ്ങളില്‍ കളിപ്പിക്കാതെ ഒരു ഗുസ്തി താരത്തെയും ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുപ്പിക്കരുതെന്ന് പഞ്ചാബ് റെസ്‌ലിങ് അസോസിയേഷന്‍. സെലക്ഷന്‍ ട്രയല്‍ നടത്താതിരുന്നാല്‍ അത് ജസ്‌കരന്‍ സിങ്ങിനോടുള്ള അനീതിയാകുമെന്നും റെസ്‌ലിങ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍.എസ്. കുണ്ടു നല്‍കിയ കത്തില്‍ പറയുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍ നടത്തുന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രത്യേക സമിതി തലവന്‍ ഭുപേന്ദര്‍ സിങ് ബജ്‌വയ്ക്കാണ് കത്തു നല്‍കിയത്.
65 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ പഞ്ചാബ് റെസ്‌ലിങ് അസോസിയേഷന്‍ നിര്‍ദേശിക്കുന്നത് ജസ്‌കരന്‍ സിങ്ങിനെയാണ്. ഏഷ്യന്‍ ഗെയിംസിന്റെ സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ അവസരം നല്‍കണമെന്നും കത്തില്‍ പറയുന്നു.
ഇന്ത്യയ്ക്കായി നിരവധി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ബജ്രംഗ് പുനിയ തന്നെയാകും ഇത്തവണയും 65 കിലോ വിഭാഗത്തില്‍ മത്സരിക്കുകയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് കത്ത് പുറത്തുവന്നത്. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ബജ്രംഗ് പുനിയ ലോകചാംപ്യന്‍ഷിപ്പുകളിലും ഇന്ത്യയ്ക്കായി മെഡല്‍ നേടിയിട്ടുണ്ട്.