ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജൻസി മാത്രമാണ് എന്നും ഇഡിയ്ക്ക് ഒരിഞ്ച് വഴങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്. ഇഡി യുടെ ആവശ്യം പരിഗണിച്ച് കൂടേ എന്ന് കോടതി തന്നോട് ചോദിച്ചു. ചെയ്യാൻ കഴിയില്ല, കോടതി മെറിറ്റിൽ തീരുമാനിക്കണമെന്ന് താൻ ആവശ്യപ്പെട്ടു. ‘ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജൻസി മാത്രമാണ്. ആളുകളെ ഭീഷണിപ്പെടുത്തുക, പണം ബിജെപിക്ക് വാങ്ങിക്കൊടുക്കുക എന്നത് മാത്രമാണ് ഇഡി ചെയ്യുന്നത്. ആളുകളെ ഭിഷണിപ്പെടുത്തുക കൂറ് മാറ്റിക്കുക എന്നതും ഇഡി ചെയ്യുന്നുണ്ട്. അതൊന്നും ഈ കേരളത്തിൽ നടക്കില്ല. തെളിവുമായി ഇഡി വരട്ടേ. ചൊവ്വാഴ്ച നോക്കാം, എൻ്റെ നിലപാട് വ്യക്തമാണ്. ഇഡിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല’, തോമസ് ഐസക്ക് കൂട്ടിച്ചേർത്തു. എന്തുകൊണ്ട് തന്നെ വിളിപ്പിക്കണം എന്ന് കോടതി ഇ ഡിയോട് ചോദിച്ചു. അടുത്ത സിറ്റിങ്ങിൽ തെളിവ് ഹാജരാക്കാം എന്ന് ഇഡി പറയുന്നു. വ്യവസായ എസ്റ്റേറ്റിന് ഭൂമി എടുത്ത കാര്യമായിരിക്കും ഇഡി പറയുന്നത്. എന്താണ് ഇഡിയുടെ വിശദീകരണമെന്ന് തനിക്ക് കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു.