കോട്ടയം: കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥിയാവാൻ തുഷാർ വെള്ളാപ്പിള്ളി. മാവേലിക്കര സീറ്റ് വെച്ച്മാറി കോട്ടയം സീറ്റ് പിടിച്ചെടുക്കാനാണ് ബി.ഡി.ജെ.എസിന്റെ നീക്കം. ഇതിന് ബി.ജെ.പി നേതൃത്വവും സമ്മതം മൂളിയതായാണ് വിവരം. ക്രൈസ്തവ മേധാവിത്വമുണ്ടെങ്കിലും എസ്.എൻ.ഡി.പിക്കും സ്വാധീനമേറെയുള്ള മണ്ഡലമാണ് കോട്ടയം. എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കോട്ടയം മണ്ഡലത്തിൽ എൻ.ഡി.എയും ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും. ബി.ഡി.ജെ.എസിന് സീറ്റ് ലഭിച്ചാൻ മൂന്നുമുന്നണികളിലേയും ഘടകകക്ഷികൾ തമ്മിലാവും മൽസരം. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരിക്കൽ പോലും കോട്ടയം മണ്ഡലത്തിൽ പറയത്തക്ക മേധാവിത്വമുണ്ടാക്കാൻ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ കോട്ടയത്ത് സ്വാധീനം ഉറപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം.
കഴിഞ്ഞ തിരഞ്ഞൈടുപ്പിൽ കേരള കോൺഗ്രസ് നേതാവ് പി സി തോമസായിരുന്നു കോട്ടയത്ത് എൻ ഡി എ സ്ഥാനാർത്ഥിയായത്. നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമാണ് പി സി തോമസ്. ഇതോടെ മണ്ഡലം ബി ജെ പി ഏറ്റെടുത്തേക്കും എന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകൾ.
മണ്ഡലത്തിലെ ഏറ്റുമാനൂർ, വൈക്കം നിയോജക മണ്ഡലങ്ങളിൽ ബി ഡി ജെ എസിന് നിർണായക സ്വാധീനമുണ്ട്. ഏറ്റുമാനൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം കാഴ്ചവെക്കാനും ബി ഡി ജെ എസിന് സാധിച്ചിരുന്നു. വൈക്കത്ത് എസ് എൻ ഡി പി പിന്തുണ പൂർണമായി ലഭിച്ചാൽ എൻ ഡി എയ്ക്ക് അത് മുതൽക്കൂട്ടാകും. ഒപ്പം പി സി ജോർജിന്റെ വരവ് ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയിൽ പ്രതിഫലിക്കാനും സാധ്യതയുണ്ട്. കോട്ടയത്ത് 2019 ൽ എൻ ഡി എക്ക് 155135 വോട്ടാണ് ലഭിച്ചത്. യു ഡി എഫ് 421046 വോട്ടും എൽ ഡി എഫിന് 314787 വോട്ടുമാണ് ലഭിച്ചത്.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകുന്നത് ഫ്രാൻസിസ് ജോർജ് ആണ്. ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ യുഡിഎഫിന്റെ പ്രത്യേക അനുമതിയോടെയാണ് പി ജെ ജോസഫ് പ്രഖ്യാപനം നടത്തിയത്. പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിന് കോട്ടയം സീറ്റ് നൽകുമ്പോൾ ജയസാധ്യത കൂടുതലുള്ള ആൾ സ്ഥാനാർത്ഥിയാകണം എന്നായിരുന്നു കോൺഗ്രസ് നിലപാട്. കേരളാ കോൺഗ്രസ് നേതാക്കളിൽ ഫ്രാൻസിസ് ജോർജിന് മണ്ഡലത്തിൽ പൊതുസ്വീകാര്യതയുണ്ടെന്ന കോൺഗ്രസ് വിലയിരുത്തൽ പി ജെ ജോസഫിനോട് മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കുവച്ചിരുന്നു. മണ്ഡലത്തിൽ നിർണായകമായ ക്രൈസ്തവ സഭകളുടെ പിന്തുണയുള്ളതും ഫ്രാൻസിസ് ജോർജിന് സ്ഥാനാർത്ഥിത്വത്തിനുള്ള അനുകൂല ഘടകമായി. പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോട്ടയം മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന്റെ സജീവ സാന്നിധ്യം ഉണ്ട്.
അതേസമയം, കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെ എം മാണിയുടെ കല്ലറയിൽ പൂക്കളർപ്പിച്ചാണ് തോമസ് ചാഴികാടൻ പ്രചാരണത്തിന് തുടക്കം കുറിച്ചത്.