ഇടുക്കി: തൊടുപുഴ ബിജു വധക്കേസിൽ പ്രതികളുമായി ഇന്നും തെളിവെടുപ്പ് തുടരും. ഇന്ന് കേസിലെ ഒന്നാം പ്രതി ജോമോന്റെ വസതിയിലും, ഗോഡൗണിലും എത്തിച്ചാവും തെളിവെടുപ്പ്.
കൊട്ടേഷൻ സംഘത്തിന്റെ മർദനമേറ്റതിനെ തുടർന്ന് അവശനായ ബിജുവിനെ ആദ്യമെത്തിച്ചത് ഒന്നാം പ്രതി ജോമോൻ്റെ വസതിയിലാണെന്ന് പോലീസ് പറഞ്ഞു.
അവിടെയെത്തിച്ച ശേഷം മരണം ഉറപ്പാക്കുന്നതിനായി ദേഹ പരിശോധനയടക്കം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദേഹ പരിശോധനയ്ക്ക് ശേഷമാണ് ബിജുവിന്റെ മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. ജോമോൻ, ആഷിഖ് ജോൺസൺ, മുഹമ്മദ് അസ്ലം എന്നിവർ ചേർന്നാണ് മൃതദേഹം മാറ്റിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല ഫോറൻസിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ തെളിവെടുപ്പ്.
മാർച്ച് 22 നാണ് തൊടുപുഴ ചുങ്കം സ്വദേശിയായ ബിജു ജോസഫിന്റെ കൊലപാതക വിവരം പുറംലോകം അറിയുന്നത്. ബിസിനസ് പാർട്‌ണർമാർക്ക് ഇടയിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ വ്യാഴാഴ്ച ബിജുവിന്റെ ഭാര്യ ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ മിസ്സിംഗ് കേസായിരുന്നു ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചത്.
ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ ചെറിയ പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായിരുന്നുവെന്ന് പോലീസ് ആദ്യം കണ്ടെത്തുകയായിരുന്നു. പിന്നീടത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് മനസിലായത്.
‘ദേവമാതാ’ എന്ന പേരിലുള്ള കാറ്ററിങ് സ്ഥാപനവും, മൊബൈൽ മോർച്ചറിയുമാണ് ഇവർ ഒന്നിച്ച് നടത്തിയിരുന്നത്. പിന്നീട് ഇരുവരും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായി. കോടതിയിൽ കേസും നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ബിജുവിനെതിരെ കൊച്ചി ടീമിന് ക്വട്ടേഷൻ കൊടുക്കുകയായിരുന്നെന്ന് ഒന്നാം പ്രതി ജോമോൻ സമ്മതിച്ചിട്ടുണ്ട്. കേസിൽ ഇതുകൂടാതെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരുന്നു.
കേസിൽ മൂന്നുപേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ട നാലാമൻ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. അയാൾക്കെതിരെയും നടപടിയുണ്ടാവും.
ജോമോൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കലയന്താനിയിലുള്ള കാറ്ററിങ് സർവീസ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാലിന്യത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഒരാൾക്ക് മാത്രം ഇറങ്ങാൻ പാകത്തിലുള്ളതാണ് മൃതദേഹം കണ്ടെത്തിയ മാൻഹോൾ. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം ചീർത്ത നിലയിലായിരുന്നു.
അതുകൊണ്ടുതന്നെ മൃതദേഹം മാൻഹോളിൽ നിന്ന് പുറത്തെത്തിക്കുന്നത് ശ്രമകരമായ കാര്യമായിരുന്നു. അതുകൊണ്ടുതന്നെ മാൻഹോളിൻ്റെ മറുവശത്തെ കോൺക്രീറ്റ് പൊട്ടിച്ച് വിസ്‌താരം വർധിപ്പിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.