പാലക്കാട്: റയിൽവേയുടെ കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ താരമായി പാലക്കാട് റെയിൽവേ ഡിവിഷൻ. രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് കേരളത്തിലെ ഈ റയിൽവെ ഡിവിഷൻ.
യാത്രക്കാരുടെ സുരക്ഷിതത്വം, വരുമാന വർദ്ധന, ചെലവ് നിയന്ത്രണം, കൃത്യത തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കീ പെർഫോമൻസ് സൂചിക റെയിൽവെ തയ്യാറാക്കുന്നത്. കഴിഞ്ഞ തവണ സൂചികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു പാലക്കാട്.
2025 ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് പാലക്കാട് ഡിവിഷന്റെ ആകെ വരുമാനം 1,607.02 കോടി രൂപയാണ്. മുൻ വർഷത്തെക്കാൾ 36.5 ശതമാനത്തിന്റെ വർദ്ധന.
പാഴ്‌സൽ, ചരക്ക് സേവനങ്ങൾ ഉൾപ്പെടെയുള്ള വരുമാനത്തിലും വൻ വർദ്ധനയുണ്ടായിട്ടുണ്ട്. ഇതിലൂടെ 583.37 കോടി രൂപയാണ് ലഭിച്ചത്.
ഷൊർണൂർ-നിലമ്പൂർ സെക്ഷൻ ഇപ്പോൾ 100ശതമാനം വൈദ്യുതീകരിച്ചതും ഡീസൽ എൻജിനുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തതാണ് പാലക്കാട് ഡിവിഷനു നേട്ടമുണ്ടാക്കിയത്.
വിവിധ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ നവീകരിക്കാൻ സാധിച്ചു. ഷൊർണൂർ-നിലമ്പൂർ സെക്ഷനിൽ പരമാവധി വേഗം 85 കിലോമീറ്ററായി ഉയർത്തിയതും നേട്ടമായി.
എൻജിനുകൾ, കോച്ചുകൾ, വാഗണുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കാര്യക്ഷമമായ ഉപയോഗം ഉത്പാദനക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ട്.
കൂടാതെ കാറ്ററിംഗ് സ്റ്റാളുകൾ, പാർക്കിംഗ് ഏരിയകൾ, പെയ്ഡ് എസി വെയിറ്റിംഗ് ഹാളുകൾ എന്നിവ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിച്ചു. ട്രാക്ക് നവീകരണം, പരിപാലനം, കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ, സജീവമായ ട്രാക്ക് അറ്റകുറ്റപ്പണികൾ എന്നിവയും പാലക്കാട്ഡിവിഷന്റെ നേട്ടമാണ്.
ഡിവിഷനിലെ 39.85 കിലോമീറ്റർ ട്രാക്ക് പൂർണമായും പുതിയ സുരക്ഷിത ട്രാക്കുകളിലേക്കു മാറ്റിയിരുന്നു. ഇതോടെ ട്രെയിനുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനായെന്നും റയിൽവെ ചൂണ്ടിക്കാട്ടുന്നു.
64.41 കിലോമീറ്റർ ആഴത്തിലുള്ള പരിശോധനയാണു പാലക്കാട് ഡിവിഷൻ നടത്തിയത്. ഈ പ്രവർത്തനങ്ങൾ റാങ്കിംഗ് ഉയരാൻ സഹായിച്ചിട്ടുണ്ട്.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ 16 സ്റ്റേഷനുകളിലായി 300 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങളാണ് റെയിൽവെ നടത്തുന്നത്.
റയിൽവെ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൗകര്യങ്ങൾ നവീകരിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനകം 175 കോടി രൂപ വിനിയോഗിച്ചതായും റെയിൽവെ അധികൃതർ വ്യക്തമാക്കി.