മാസപ്പടിയും മസാജ് പടിയും; റെയ്ഡ് നടന്നപ്പോൾ പോലീസുകാരൻ മസാജ് ടേബിളിൽ നിന്ന് എഴുന്നേറ്റ് മിന്നൽ വേഗത്തിൽ ഒരോട്ടം
തിരുവല്ല: തിരുവല്ല നഗരത്തിലെ സ്പാ–വെൽനെസ് കേന്ദ്രങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി.
നഗരത്തിലെ അഞ്ച് സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. പരിശോധനയിൽ ക്രോസ് മസാജ് ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് കണ്ടെത്തൽ.
രാമൻചിറയിലെ ഒരു സ്പായിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്രോസ് മസാജ് നടക്കുകയായിരുന്നു. പരിശോധനയ്ക്കിടെ കസ്റ്റമർ സ്ഥലത്തുനിന്ന് ഇറങ്ങിയോടി.
ഇയാൾ ആലപ്പുഴയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. യോഗ–സ്പാ ലൈസൻസുള്ള ഈ സ്ഥാപനം അടച്ചുപൂട്ടുന്നതിനായി നോട്ടീസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.
രാമൻചിറയിലെ മറ്റൊരു സലൂണിലും അനധികൃതമായി മസാജ് സേവനങ്ങൾ നടക്കുന്നതായി കണ്ടെത്തി. ഇവിടെ ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മഞ്ഞാടിയിലെ മറ്റൊരു സ്പായും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്.
ഇവിടെ ദൂരദേശങ്ങളിൽ നിന്നെത്തുന്ന യുവതികൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി.
മഞ്ഞാടിയിലെ മറ്റൊരു സ്പായും മീന്തലക്കരയിൽ നേരത്തെ പീഡനസംഭവം റിപ്പോർട്ട് ചെയ്ത സ്പായും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നെന്നും അധികൃതർ പറഞ്ഞു.
ഇതിനിടെ, തിരുവല്ലയിലെ ഒരു സ്പാ കേന്ദ്രത്തിൽ നടന്ന കൂട്ടബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പൊലീസിൽ കീഴടങ്ങി.
കിരൺ തോമസും സാജൻ തോമസുമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ ആറ് പ്രതികളും പൊലീസിന്റെ കസ്റ്റഡിയിലായി.
‘വൊക്കൻ’ എന്ന വിളിപ്പേരുള്ള പ്രശോഭിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ പിടികൂടിയത്.
കേസിലെ മുഖ്യപ്രതി മരണം സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവർ അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ അറസ്റ്റിലായിരുന്നു.
ഗുണ്ടാപിരിവ് നൽകാത്തതിന്റെ പ്രതികാരമായി സ്പാ ജീവനക്കാരിയെ കാപ്പാ പ്രതിയായ മരണം സുബിനും സംഘവും അതിക്രൂരമായി പീഡിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തൽ.
എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ബലാത്സംഗത്തിന് സ്പായിലെ ഒരു സഹപ്രവർത്തകയുടെ സഹായമുണ്ടായിരുന്നുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തലും പൊലീസ് ഗൗരവമായി പരിഗണിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളാകാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, സ്പാകളിൽ നിന്നുള്ള മാസപ്പടി വാങ്ങൽ, ഗുണ്ടാ ബന്ധം എന്നിവ സംബന്ധിച്ച് തിരുവല്ല പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.
English Summary
Authorities conducted a surprise inspection at spa and wellness centres in Thiruvalla and found illegal activities, including cross massage services. Five establishments were inspected, and several were found operating without valid licences. In the related gang rape case at a spa in Thiruvalla, two absconding accused surrendered before the police, bringing all six accused into custody. Investigators revealed that the assault was linked to extortion and rival business interests. An internal departmental probe is also underway against certain police personnel over allegations of collecting illegal payments and maintaining links with criminal gangs.
thiruvalla-spa-raid-illegal-activities-gangrape-case-update
Thiruvalla, spa raid, illegal massage, health department inspection, gang rape case, Kerala crime news, extortion, police inquiry, spa centres, Pathanamthitta news









