വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവൻ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തിൽ മോഷ്ടാവ് പിടിയിൽ. അയൽവാസിയായ ലിജീഷ് വെള്ളയാളാണ് പിടിയിലായത്. ലിജീഷിന്റെ വീട്ടിൽ നിന്നും പണവും സ്വർണവും പൊലീസ് കണ്ടെടുത്തു. 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവുമാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. Thief who stole 267 gold pieces and Rs 1 crore arrested in Valapattanam
3 മാസം മുൻപു ഗള്‍ഫിൽനിന്നു തിരിച്ചുവന്ന ലിജീഷ് വളപട്ടണത്തെ വീട്ടിലെ ജനൽ ഇളക്കിയാണ് മോഷണം നടത്തിയത്.
വെല്‍ഡിങ് തൊഴിലാളിയായ ഇയാള്‍ കട്ടിലിന്റെ അടിഭാഗത്ത് പ്രത്യേക അറയുണ്ടാക്കിയാണ് പണവും സ്വര്‍ണവും സൂക്ഷിച്ചതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ അജിത് കുമാര്‍ അറിയിച്ചു.
ശനിയാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കീച്ചേരി മോഷണ കേസിലും പ്രതിക്ക് പങ്കെന്ന് പൊലീസ് അറിയിച്ചു. പ്രതി കുറ്റസമ്മതം നടത്തിയതായും കമ്മീഷണര്‍ വ്യക്തമാക്കി.സംസ്ഥാനത്ത് വീട് കുത്തിത്തുറന്ന് നടത്തിയ ഏറ്റവും വലിയ കവര്‍ച്ചയാണിതെന്നും പൊലീസ് വ്യക്തമാക്കുന്നു.
നവംബര്‍ 19 ന് രാവിലെ അഷ്‌റഫും കുടുബവും വീട് പൂട്ടി മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ തക്കത്തിനാണ് പ്രതി മോഷണം നടത്തിയത്. അഷ്‌റഫിന്റെ വീട് നിരന്തരം നിരീക്ഷിച്ചിരുന്ന ലിജീഷ് ഇതൊരു അവസരമായി ഉപയോഗിക്കുകയായിരുന്നു.
സിസിടിവിയില്‍ പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് പ്രതി കൃത്യം നടത്തിയത്. ഇതില്‍ ഒരു ക്യാമറ ലിജീഷ് തന്നെ തിരിച്ചു വച്ചിരുന്നു. അബദ്ധത്തില്‍ ക്യാമറ മുറിയിലേക്ക് ഫോക്കസ് ചെയ്യുന്ന രീതിയിലായി. ഈ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതാണ് നിര്‍ണായകമായത്.
20 തിയതി തന്നെ മോഷണം നടത്തുകയായിരുന്നു. 40 മിനുറ്റുകൊണ്ട് അതീവ ശ്രദ്ധയോടെയാണ് ലിജീഷ് ഇത്രയും പണവും സ്വര്‍ണവും കവര്‍ന്നത്. കേസില്‍ 75 പേരുടെ വിരലടയാളം ശേഖരിച്ചുവെന്നും 100 ഓളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നും പൊലീസ് അറിയിച്ചു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണായക സൂചന കിട്ടിയത്.