നടനും ഭരണകക്ഷി എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നിട്ടും എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. These are the MLAs and MPs who did not resign despite sexual harassment complaints
സമാനമായ കേസില്‍പെട്ട് പ്രതിയാക്കപ്പെട്ട രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലുള്ളത് കൊണ്ട് മുകേഷിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മികശേഷി യുഡിഎഫിനും കെപിസിസിക്കുമില്ല.
കോവളം, പെരുമ്പാവൂര്‍ എംഎല്‍എമാരായ എം വിന്‍സന്റും, എല്‍ദോസ് കുന്നപ്പിള്ളിയുമാണ് പീഡനക്കേസുകളില്‍ പ്രതികളായവര്‍.
പീഡനക്കേസുകളില്‍ പ്രതികളാക്കപ്പെടുന്ന ജനപ്രതിനിധികള്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്ന ന്യായമാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന ഘട്ടത്തിലൊന്നും മുകേഷ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നുവോ എന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിന് അറിവുണ്ടായിരുന്നില്ല.
പിന്നീടാണ് മലവെള്ളപാച്ചില്‍ പോലെ മുകേഷിന്റെ മോശം പെരുമാറ്റത്തിനെതിരെ പല നടിമാരും രംഗത്തുവന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫും മിനു മൂനീര്‍ എന്ന നടിയുമാണ് അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
മുകേഷില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിട്ടുവെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലും മുകേഷിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പികെ ഗുരുദാസന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് മുകേഷിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാര്‍ ബലാല്‍സംഗക്കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ മുകേഷിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മികശക്തി പ്രതിപക്ഷ നേതാവിനോ, കെപിസിസി പ്രസിഡന്റിനോ ഇല്ലെന്നതാണ് സിപിഎമ്മിന്റെ ഏക ആശ്വാസം.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മറച്ചുവെച്ച ഭാഗങ്ങളില്‍ കുറ്റക്കാരായവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം പേട്ട സ്വദേശിയും അധ്യാപികയുമായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്.
2022 ഒക്ടോബറിലായിരുന്നു എല്‍ദോസിനെതിരെ പരാതി വന്നത്. എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗിക പീഡനം നടത്തിയതായി യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. കോവളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതുകൊണ്ട് ജയിലില്‍ കിടക്കേണ്ടി വന്നില്ല.
ബാലരാമപുരം സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് കോവളം എംഎല്‍എയായ വിന്‍സെന്റ് അറസ്റ്റിലായത്. 2017 ജൂലൈയിലാണ് അറസ്റ്റുണ്ടായത്. ഒരു മാസത്തോളം ജയിലില്‍ കിടന്നു.
പീഡനത്തിനിരയായ വീട്ടമ്മ അമിതമായി ഗുളികകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സമയം, ഇവരുടെ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. ഭര്‍ത്താവ് എത്തുമ്പോഴേക്കും വീട്ടമ്മ അവശയായിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വിന്‍െസന്റ് എംഎല്‍എ കാരണമാണ് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ബാലരാമപുരം പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ എംഎല്‍എ കടയിലും വീട്ടിലുംവെച്ച് പീഡിപ്പിച്ചതായാണ് പറഞ്ഞത്.
ഇക്കാര്യം ഒരു വൈദികനോടും കന്യാസ്ത്രീയോടും വെളിപ്പെടുത്തിയിരുന്നതായും മൊഴി നല്‍കിയിരുന്നു. ഇതിനുശേഷമാണ് എംഎല്‍എയുടെ പേരില്‍ ബലാത്സംഗത്തിനുകൂടി കേസെടുത്തത്.
നടി മീനു മുനീര്‍ കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയുടെ പ്രസിഡന്റ് വിഎസ് ചന്ദ്രശേഖരനെതിരെയും മോശം പെരുമാറ്റം ആരോപിച്ചിരുന്നു.
ലൈംഗിക പീഡനപരാതികൾ ഉയർന്നാലുടനെ എംഎൽഎമാരും എംപിമാരും രാജിവയ്ക്കണമെന്ന മുറവിളി ഉയരുന്നത് പതിവാണ്. ധാർമ്മികതയുടെ പേര് പറഞ്ഞാണ് രാജി ആവശ്യപ്പെടുന്നത്.
ജന പ്രാധിനിത്യ നിയമ പ്രകാരം ഒരു എംപിയെയോ എംഎൽഎയെയോ ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിലധികമോ വർഷത്തേക്ക് ശിക്ഷിച്ചാൽ സ്ഥാനം ഉടൻ നഷ്ടമാകും.
കഴിഞ്ഞ വർഷം രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി അപകീർത്തിക്കേസിൽ ശിക്ഷിച്ചതിൻ്റെ പേരിൽ എംപി സ്ഥാനം നഷ്ടമായി. അതല്ലാതെ കുറ്റാരോപിതനായി എന്നതിൻ്റെ പേരിൽ മാത്രം എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജിവയ്ക്കണമെന്ന് നിയമത്തിലെങ്ങും പറയുന്നില്ല.
മുമ്പും പല ജനപ്രതിനിധികളും പീഡനക്കേസുകളിൽ പ്രതികളായിട്ടുണ്ട്. അന്നൊന്നും അവരാരും എംഎൽഎ സ്ഥാനം രാജിവെച്ച കീഴ് വഴക്കമോ പാരമ്പര്യമോ കേരള നിയമസഭയിൽ ഉണ്ടായിട്ടില്ല.
1996-2001 കാലത്ത് നായനാർ മന്ത്രിസഭയിലെ അംഗമായിരുന്ന നീലലോഹിതദാസൻ നാടാർ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചതിൻ്റെ പേരിൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തായി. പക്ഷേ അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടർന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ തയ്യാറായതുമില്ല, ആരും ആവശ്യപ്പെട്ടതുമില്ല.
കുപ്രസിദ്ധമായ കോഴിക്കോട് ഐസ്ക്രീം പാർലർക്കേസിൽ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം വന്നപ്പോൾ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും എംഎൽഎയായി തുടർന്നു.
2006ലെ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ അംഗമായിരുന്ന പിജെ ജോസഫ് വിമാനയാത്രക്കിടയിൽ യാത്രക്കാരിയെ കയറിപ്പിടിച്ചു എന്ന ആരോപണം വന്നപ്പോൾ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും എംഎൽഎ സ്ഥാനത്ത് തുടർന്നു.
ഗാർഹിക പീഡന പരാതിയുടെ പേരിൽ കെബി ഗണേശ് കുമാറിന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നെങ്കിലും എംഎൽഎയായി തുടർന്നു. ആരും രാജി ചോദിച്ചില്ല.
മുൻ മന്ത്രിയും ജനതാദൾ നേതാവും എംഎൽഎയുമായിരുന്ന ജോസ് തെറ്റയിലിനെതിരെ ഒരു യുവതി പീഡനപരാതി ഉന്നയിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളും പുറത്തുവന്ന് വൻ വിവാദമായെങ്കിലും പക്ഷേ തെറ്റയിൽ എംഎൽഎ സ്ഥാനം രാജിവച്ചില്ല.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നയുടനാണ് ഗതാഗതമന്ത്രി എകെ ശശീന്ദ്രനെതിരെ ലൈംഗികാരോപണം ഉയർന്നത്. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നെങ്കിലും ശശീന്ദ്രൻ എംഎൽഎയായി തുടർന്നു.
ഇതേ കാലഘട്ടത്തിലാണ് സിപിഎം നേതാവും ഷൊർണ്ണൂർ എംഎൽഎയുമായ പികെ ശശിക്കെതിരെ പാർട്ടിക്കുള്ളിൽ പീഡനപരാതി ഉയർന്നത്. ഡിവൈഎഫ്ഐ നേതാവായ യുവതിയാണ് പാർട്ടിക്ക് പരാതി നൽകിയത്.
എകെ ബാലൻ, പി കെ ശ്രീമതി എന്നിവരെ പാർട്ടി അന്വേഷണക്കമ്മീഷനായി നിയമിച്ചു. തീവ്രത കുറഞ്ഞ പീഡനമാണ് നടന്നതെന്ന് കമ്മീഷൻ റിപ്പോർട്ട് നൽകി ശശിയെ രക്ഷിച്ചു. അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടർന്നു.
സോളാർ വിവാദത്തിൽ ഉമ്മൻ ചാണ്ടി, അടൂർ പ്രകാശ്, എപി അനിൽകുമാർ, കെസി വേണുഗോപാൽ, ഹൈബി ഈഡൻ, എ പി അബ്ദു ള്ളക്കുട്ടി എന്നീ എംഎൽഎമാരും ജോസ് കെ മാണി എംപിയും ആരോപണവിധേയരായി, ഒടുവിൽ കേസും വന്നു.
അപ്പോഴും അവരാരും സ്ഥാനങ്ങൾ രാജിവയ്ക്കേണ്ടി വന്നില്ല. 2017ൽ വിഴിഞ്ഞം എംഎൽഎയായ കോൺഗ്രസ് നേതാവ് എം വിൻസൻ്റ് പീഡനക്കേസിൽ പ്രതിയായി ജയിലിൽ കിടന്നു.
എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അതുണ്ടായില്ല. 2022ൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും പീഡനക്കേസിൽ പ്രതിയായെങ്കിലും ഇപ്പോഴും എംഎൽഎ സ്ഥാനത്ത് തുടരുകയാണ്.
ക്രിമിനൽ കേസുകളിൽ രണ്ട് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാത്ത കാലത്തോളം സാങ്കേതികമായും നിയമപരമായും എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജിവയ്ക്കേണ്ടതില്ല.
ആരോപണങ്ങൾ ഉയർന്നാലുടൻ രാജിവെക്കുന്നതിനോട് കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഷ്ടീയ പാർട്ടികൾ യോജിക്കുന്നില്ല. അക്കാര്യത്തിൽ അവരെല്ലാം ഒറ്റക്കെട്ടാണ്.
അതുകൊണ്ട് തന്നെ ലൈംഗിക അതിക്രമക്കേസില്‍ ഉള്‍പ്പെട്ട മുകഷേിന്റെ നില തത്കാലം സുരക്ഷിതമാണ്. പേരിന് ചില പ്രതിഷേധങ്ങള്‍ ഉയരും എന്നേ കണക്കാക്കേണ്ടതുള്ളൂ.