ചാലക്കുടി: കാൽനടയാത്രക്ക് മേൽപ്പാലങ്ങൾ ഇല്ലാത്തതിനാൽ ചാലക്കുടി, മുരിങ്ങൂർ റെയിൽവേ സ്റ്റേഷനുകളിൽ റെയിൽപ്പാളങ്ങൾ ദുരന്തത്തിലേക്ക് വഴി തുറക്കുന്നു. മുരിങ്ങൂരിൽ പ്ലാറ്റ്ഫോമിൽനിന്ന് പ്ളാറ്റ് ഫോമിലേക്കുള്ള യാത്രക്ക് മേൽപ്പാലം ഇല്ലാത്തതും ചാലക്കുടിയിൽ നാട്ടുകാർക്ക് റയിൽപ്പാളങ്ങൾ കടക്കാൻ കാൽനട യാത്രക്കാരുടെ മേൽപ്പാലം ഇല്ലാത്തതുമാണ് ദുരന്തത്തിന് കാരണമാകുന്നത്.
ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ പാത മുറിച്ച് കടന്ന ഒരു സ്ത്രീ മരിക്കുകയും മറ്റൊരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇതോടെയാണ് ഈ വിഷയം കൂടുതൽ ചർച്ചയാകുന്നത്. മുരിങ്ങൂർ ഡിവൈൻ നഗർ റയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ കാൽനടക്കാരുടെ മേൽപ്പാലം നിർമിക്കാത്തതിനെ തുടർന്ന് നാളുകളായി പരാതി ഉയരുന്നുണ്ട്.
പ്രധാനമായും ഡിവൈൻ ധ്യാന കേന്ദ്രത്തിൽ വരുന്നവർക്ക് വേണ്ടിയാണ് ചാലക്കുടിക്ക് സമീപം ഈ റെയിൽവേ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത് തന്നെ. ധ്യാനവുമായി ബന്ധപ്പെട്ട് തിരക്കുള്ള പ്രത്യേക ദിവസങ്ങളിൽ മാത്രമാണ് എക്സ്പ്രസ് ട്രെയ്നുകൾക്ക് ഇവിടെ സ്റ്റോപ്പുള്ളത്. അതുകൊണ്ട് തന്നെ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇനിയും അധികൃതർ തയാറായിട്ടില്ലെന്നതാണ് യാഥാർഥ്യം.
എന്നാൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പ്രാർഥന നടക്കുന്ന ദിവസങ്ങളിൽ നിരവധി പേരാണ് ഈ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. ഇവിടത്തെ പ്ലാറ്റ്ഫോമിന് ഉയരം കൂടുതലായതിനാൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് പാളം മുറിച്ചു കടക്കാൻ സ്ത്രീകളടക്കമുള്ളവർക്ക് സാധിക്കാത്തതും വിനയാവുകയാണ്.
അതിനാൽ യാത്രക്കാർ പ്ലാറ്റ്ഫോം കഴിഞ്ഞ് കുറച്ച് മാറി റെയിൽപ്പാളം മുറിച്ചു കടക്കുകയാണ് പതിവ്. ഇങ്ങനെ പാളം കടക്കുന്നതിനിടെ ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെടാറില്ലെന്നാണ് സത്യം. ചാലക്കുടി റെയിൽവേ സ്റ്റേഷനിലെ പ്രശ്നം മറ്റൊന്നാണ്. ചാലക്കുടിയിൽ പ്ലാറ്റ്ഫോമിൽനിന്ന് മറ്റൊന്നിലേക്ക് പോകാൻ യാത്രക്കാർക്ക് മേൽപ്പാലമുണ്ട്.
എന്നാൽ സ്റ്റേഷന്റെ തെക്കുവശത്ത് പ്രദേശവാസികൾക്ക് പാളങ്ങൾ മുറിച്ചു കടക്കാൻ നിർമിച്ച കാൽനടക്കാരുടെ നടപ്പാത അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ടതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതുമൂലം പാതയുടെ അപ്പുറത്ത് താമസിക്കുന്ന നഗരസഭ വാർഡുകളിലെ നിരവധി പേർ ഇതുമൂലം ദുരിതത്തിലായിരിക്കുകയാണ്.
രണ്ടു വർഷത്തിലേറെയായി നടപ്പാലത്തിന്റെ കാര്യം തർക്കത്തിലാണ്. ഈ പാലത്തിൽ ഇനി അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ചാലക്കുടി നഗരസഭ 21 ലക്ഷം രൂപ നൽകണമെന്നാണ് റെയിൽവേ പറയുന്നത്.
എന്നാൽ റെയിൽവേ സ്റ്റേഷനിൽ അവരുടെ സ്വന്തം സ്ഥലത്ത് റെയിൽവേ നിർമിച്ച നടപ്പാലത്തിന് എന്തിന് നഗരസഭ പണം നൽകണമെന്നാണ് നഗരസഭയുടെ ചോദ്യം.