കോഴിക്കോട്: പാലോട് രവിയെ ട്രോളി കെ.മുരളീധരൻ എംപി. പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടിയില്ലല്ലോ അതിനാൽ ഒഴിവാക്കി പാടിയതാവുമെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
കെപിസിസിയുടെ സമരാഗ്നി സമാപന വേദിയിൽ ഡിസിസി പ്രസിഡണ്ട് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതിതിനെതിരെയാണ് പരിഹാസ പ്രതികരണവുമായി കെ.മുരളീധരൻ എംപി രംഗത്ത് എത്തിയത്.പാലോട് രവിക്കെതിരെ കോൺഗ്രസ് അണികളുൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു, വിവാദം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു മുരളിയുടെ പ്രതികരണം
അതിനിടെ ദേശീയഗാനത്തെ അവഹേളിച്ചതിന് തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ആർഎസ് രാജീവാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സമരാഗ്നി ജാഥയുടെ സമാപനത്തിൽ പാലോട് രവി ദേശീയ ഗാനം തെറ്റിപ്പാടിയത് വിവാദമായിരുന്നു. തെറ്റായി പാടിയും പാടുന്ന സമയത്ത് മൈക്ക് സ്റ്റാൻഡിൽ താളം പിടിച്ചും ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് പരാതി