ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം ഇന്ത്യയിൽ വലിയ തോതിൽ വർദ്ധിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 1.59 ശതമാനം വർദ്ധിച്ച് 96.96 കോടിയിലെത്തിയിട്ടുണ്ട്. അമേരിക്ക, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളിലുള്ള ആകെ ജനസംഖ്യയേക്കാൾ കൂടുതലാണിത്.
ടെലികോം മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടു. ഒരു ഉപയോക്താവിൽ നിന്ന് ടെലികോം കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വയർലെസ് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നവരാണ് 92.75 കോടി ഇന്ത്യക്കാരും. ട്രായ്യുടെ ഇന്ത്യ ടെലികോം സർവീസസ് പെർഫോമൻസ് ഇൻഡിക്കേറ്റർ റിപ്പോർട്ട് പ്രകാരം ഒരു ഉപയോക്താവിൽ നിന്ന് ടെലികോം കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിലും വർദ്ധനവ് രേഖപ്പെടുത്തി. 8.11 ശതമാനം വർദ്ധിച്ച് 157.45 രൂപയിലെത്തി. ഏപ്രിൽ-ജൂൺ പാദത്തിൽ ബ്രോഡ്ബാൻഡ് വഴി ഇൻ്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.81 ശതമാനം വർധിച്ച് 94.07 കോടിയിലെത്തിയെന്ന് റിപ്പോർട്ട് പറയുന്നു. ജനുവരി-മാർച്ച് പാദത്തിൽ ഇത് 92.40 കോടിയായിരുന്നു. നരോബ്രാൻഡ് ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 3.03 കോടിയിൽ നിന്ന് 2.88 കോടിയിലേക്ക് ഇടിയുകയും ചെയ്തു.
ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യത്തെ ടെലിഫോൺ വരിക്കാരുടെ എണ്ണം 120.56 കോടിയായി ഉയർന്നു. ജനുവരി-മാർച്ച് മാസങ്ങളെ അപേക്ഷിച്ച് 0.53 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 2.70 ശതമാനവും വർധന രേഖപ്പെടുത്തി. നഗരപ്രദേശങ്ങളിലെ ടെലിഫോൺ വരിക്കാരുടെ എണ്ണം 66.53 കോടിയിൽ നിന്ന് 66.71 കോടിയായി ഉയർന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് 53.85 കോടിയാണ്.
English summary : There has been a massive increase in the number of internet subscribers in India ; the Ministry of Telecom has released the figures