തിരുവനന്തപുരം: നിരവധി ബില്ലുകൾ ട്രഷറിയിൽ കെട്ടിക്കിടക്കുന്നു.ലൈഫ് പദ്ധിതിയിൽ പണം അനുവദിച്ചിട്ടില്ല. സ്‌പ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ ഒന്നും ലഭിക്കുന്നില്ല. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴും കാസർഗോഡ് ജില്ലയിലെ കയ്യൂർ രക്തസാക്ഷി സ്മാരകമന്ദിരം നവീകരിക്കാൻ കോടികൾ അനുവദിച്ചു. അഞ്ചു കോടി രൂപയാണ് സ്മാരകം നവീകരിക്കുന്നതിന് അനുവദിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പിനാണ് നവീകരണത്തിന്റെ ചുമതല.
സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. നിലവിൽ പതിമൂന്നായിരത്തോളം കോടി രൂപ അടിയന്തരമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ബില്ലുകൾ മാറുന്നതിന് 6000 കോടിയിലധികം രൂപയാണ് വേണ്ടിവരുന്നത്. ശമ്പളവും പെൻഷനും നൽകാൻ 5000 കോടി വേണം. രണ്ടു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക നൽകാൻ 1800 കോടിയും കണ്ടെത്തണം. ഈ തുക എങ്ങനെ സമാഹരിക്കും എന്നതിൽ ധനവകുപ്പിൽ ആലോചനകൾ നടക്കുകയാണ്. എന്നാൽ കയ്യൂർ സ്മാരകത്തിന്റെ കാര്യത്തിൽ ഈ സാമ്പത്തിക പ്രതിസന്ധി ഒന്നും പരിഗണിക്കാതെ പണം വാരിക്കോരി അനുവദിച്ചിരിക്കുകയാണ് എന്ന വിമർശനമാണ് ഉയരുന്നത്.
കയ്യൂർ രക്തസാക്ഷി സ്മാരകം നവീകരിക്കുമെന്ന് 2022-23 ലെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രകാരമാണ് നടപടികൾ അതിവേഗത്തിൽ നടന്നിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 5 കോടിയുടെ ഡിപിആർ തയ്യാറാക്കി സാംസ്‌കാരിക വകുപ്പിന് നൽകി. ഈ ഡിപിആർ അടക്കം പണം ഉടൻ അനുവദിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ അപേക്ഷ നൽകി. മന്ത്രി സജി ചെറിയാൻ നേരിട്ടും ധനമന്ത്രിയോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.
ഇതോടെയാണ് മാർച്ച് 13ന് പണം അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കിയത്. 10 ദിവസത്തിനകം പണം സാംസ്‌കാരിക വകുപ്പ് ഡയറക്ടർക്ക് കൈമാറുകയും ചെയ്തു. ഇതിനൊന്നും പ്രാധാന്യം നൽകാതെയാണ് ഒരു രക്തസാക്ഷി സ്മാരകത്തിന് ഇത്രയും വലിയ തുക അനുവദിച്ചിരിക്കുന്നത്.