തൃശൂർ: തൃശൂർ പാലക്കാട് ദേശീയപാതയിൽ കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ച് തട്ടിക്കൊണ്ടുപോയ യുവാക്കളെ അക്രമി സംഘം ഉപേക്ഷിച്ചു.
എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി മുഹമ്മദ് റിയാസ്, ആലുവ സ്വദേശി ഷംനാദ് എന്നിവരെയാണ് മൂന്ന് കാറുകളിലായെത്തിയ സംഘം നീലിപ്പാറയിൽ വെച്ച് വാഹനം തടഞ്ഞ് തട്ടിക്കൊണ്ട് പോയത്.
കാറില്‍ കുഴല്‍പ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് കരുതിയാണ് ആക്രമണം നടത്തി യുവാക്കളെ തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസ് നിഗമനം.
മര്‍ദനത്തിന് ശേഷം ഇരുവരെയും തൃശൂര്‍ പുത്തൂരിന് സമീപം ഇറക്കിവിട്ട് സംഘം രക്ഷപ്പെട്ടുവെന്നാണ് രക്ഷപ്പെട്ട യുവാക്കളുടെ മൊഴി. പരുക്കേറ്റ യുവാക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
തട്ടിയെടുത്ത കാര്‍ പിന്നീട് കണ്ണമ്പ്ര ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു. വാഹനത്തിന്റെ സീറ്റും ഉള്‍വശവും കുത്തിക്കീറിയ നിലയിലാണ്.
കിഡ്നാപ്പിംഗ് കണ്ട നാട്ടുകാരനാണ് വാഹനങ്ങളുടെ ദൃശ്യം മൊബൈലിൽ പകർത്തി പോലീസിന് കൈമാറിയത്.
കോയമ്പത്തൂരില്‍ നിന്നും വന്ന യുവാക്കളെ വാളയാര്‍ അതിര്‍ത്തിയില്‍ നിന്നും സംഘം പിന്തുടര്ന്നുവെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ ആക്രമിച്ച് കടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിലുള്ളത്.