മുംബൈ: പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ ആമസോണില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ചായക്കപ്പുകൾ. ബൃഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) സ്ഥാപനത്തിലെ ഡെപ്യൂട്ടി എഞ്ചിനീയറായ അമർ ചവാന്‍ ജൂലൈ 13ന് ആമസോണില്‍ നിന്ന് ഒരു ടെക്‌നോ ഫാൻ്റം വി ഫോൾഡ് മൊബൈൽ ഫോൺ ഓർഡർ ചെയ്തിരുന്നു.The young man who ordered a mobile phone got teacups
ഓണ്‍ലൈനായി 54,999 രൂപയും അടച്ചു. രണ്ട് ദിവസത്തിനു ശേഷം പാഴ്സലെത്തിയപ്പോള്‍ അമര്‍ ഞെട്ടിപ്പോയി. ഫോണിന് പകരം ആറ് ചായക്കപ്പുകളാണ് ബോക്സിലുണ്ടായിരുന്നത്. ആമസോണുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് അമര്‍ പറഞ്ഞു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റീട്ടെയിലർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും മാഹിം പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആമസോണ്‍ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഈയിടെ ബെംഗളൂരുവിലും സമാന സംഭവമുണ്ടായിട്ടുണ്ട്. ആമസോണില്‍ നിന്നും എക്സ്ബോക്സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത സോഫ്‍റ്റ്‍വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ലഭിച്ചത് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെയായിരുന്നു. പാമ്പ് പാക്കേജിംഗ് ടേപ്പില്‍ കുടുങ്ങിയതിനാല്‍ ദമ്പതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
നേരത്തെ ആമസോണില്‍ നിന്നും 19,900 രൂപ വിലയുള്ള സോണി എക്സ്.ബി910എൻ വയർലെസ് ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഉപഭേക്താവിന് ലഭിച്ചത് കോള്‍ഗേറ്റിന്‍റെ ടൂത്ത് പേസ്റ്റായിരുന്നു. സംഭവത്തിൽ ആമസോണിനെതിരെ വിമർശനം ശക്തമായതോടെ മാപ്പ് പറഞ്ഞ് കമ്പനി രംഗത്തെത്തിയിരുന്നു. ആമസോണിൽ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെൻസ് ഓർഡർ യുവാവിന് ഒരു പായ്ക്കറ്റ് ക്വിനോവ വിത്തുകള്‍ ലഭിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.ആമസോണിൽ ഓർഡർ ചെയ്ത ആപ്പിൾ വാച്ചിന് പകരം വ്യാജ റിസ്റ്റ് വാച്ച് ലഭിച്ചതായി മറ്റൊരു ഉപഭോക്താവ് പരാതിപ്പെട്ടിരുന്നു.