മഞ്ചേരി: എത് വേനൽ വന്നാലും വറ്റാത്ത കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി. ഒപ്പം 16 റിങ്ങുകളും ഭൂമിക്കടിയിലേക്ക് താഴ്ന്നു. പയ്യനാട് കുട്ടിപ്പാറ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ കിണറ്റിലാണു വെള്ളവും റിങ്ങുകളും അപ്രത്യക്ഷമായത്. അർദ്ധരാത്രിയിൽ വെള്ളം പൂർണമായും വറ്റുകയും റിങ്ങുകൾ മണ്ണിനടിയിലേക്ക് താഴ്ന്നുപോകുകയുമായിരുന്നു.
വീട്ടുകാർ രാവിലെ വെള്ളമെടുക്കാൻ നോക്കിയപ്പോഴാണ് വെള്ളവും റിങ്ങുകളും കാണാതായത് ശ്രദ്ധയിൽപെട്ടത്. 60 അടി താഴ്ചയുണ്ടായിരുന്ന കിണറ്റിലാണ് ഈ അസാധാരണ പ്രതിഭാസം. റിങ്ങുകളുടെ സ്ഥാനത്തു മണ്ണ് നിറഞ്ഞനിലയിലാണ്. വെള്ളം പമ്പ് ചെയ്തിരുന്ന മോട്ടറും ഭൂമിക്കടിയിൽപെട്ടു.
ഏതു വേനലിലും വറ്റാത്ത കിണർ ആയിരുന്നു. സമീപവീട്ടുകാരും ഈ കിണറിനെ ആശ്രയിച്ചിരുന്നു. സംഭവത്തിനു തൊട്ടു മുൻപ് കിണറ്റിൽ ഒരു മീറ്റർ താഴ്ചയിൽ വെള്ളം ഉണ്ടായിരുന്നു. കിണറിന് ഏകദേശം 30 വർഷം പഴക്കമുണ്ട്. ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെയാണ് നിലവിൽ വീട്ടുകാർ ആശ്രയിക്കുന്നത്. റവന്യു വകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചു. ജിയോളജി വിഭാഗത്തിനു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.