വാഷിംഗ് മെഷീനിൽ ഫുൾ സ്പീഡിൽ കറങ്ങിയത് 10 മിനിറ്റോളം നേരം
കിഴക്കൻ ചൈനയിൽ നടന്ന ഒരു അസാധാരണ സംഭവമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുന്നത്. ഒരു വീട്ടിലെ വാഷിംഗ് മെഷീനിനുള്ളിൽ കുടുങ്ങിയ പൂച്ച പത്ത് മിനിറ്റോളം കറങ്ങിയ ശേഷമാണ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
മരണത്തിന്റെ വക്കിൽ നിന്നാണ് ജിന്‍ററാവോ എന്ന പൂച്ച തിരിച്ചുവന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിനു ശേഷം പൂച്ചയുടെ മൂക്ക് മാത്രം ചുവന്നതായി കണ്ടെത്തിയതൊഴിച്ചാൽ ഗുരുതര പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.
@jiemodaxiaojie എന്ന പേരിൽ ചൈനീസ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന ജിന്‍ററാവോയുടെ ഉടമയാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. വീഡിയോ പുറത്തുവന്നതോടെ അത് വൻതോതിൽ വൈറലായി.
ഇരുപതിനായിരത്തിലധികം കമന്റുകളും രണ്ടരലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ചൈനയിലെ പ്രമുഖ വീഡിയോ പ്ലാറ്റ്‌ഫോമായ ഡ്യുയിനിലൂടെയാണ് ഉടമ ദൃശ്യങ്ങൾ പങ്കുവച്ചത്.
വാഷിംഗ് മെഷീനിൽ ഫുൾ സ്പീഡിൽ കറങ്ങിയത് 10 മിനിറ്റോളം നേരം
വാഷിംഗ് മെഷീനിൽ നിന്ന് വസ്ത്രങ്ങൾ പുറത്തെടുക്കുന്നതിനിടയിലാണ് നനഞ്ഞ് ഒട്ടിക്കിടക്കുന്ന പൂച്ചയെ ഉടമ കണ്ടത്. മെഷീനിൽ നിന്ന് പുറത്തേക്ക് ചാടിയ പൂച്ചയെ ആദ്യം തൊടാൻ പോലും ഉടമ മടിച്ചതായി വീഡിയോയിൽ പറയുന്നു.
ആന്തരിക പരിക്കുകളുണ്ടാകുമോ എന്ന ഭയമാണ് തനിക്ക് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുവന്ന ശേഷം പൂച്ചയ്ക്ക് ശരിയായി നിൽക്കാനാകാതെ ആടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളും ഉയർന്നു. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ഉടമ കാണിച്ച അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പലരും ആരോപിച്ചത്.
വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് അതിനുള്ളിൽ വളർത്തുമൃഗങ്ങൾ കയറിയിട്ടുണ്ടോയെന്ന് നിർബന്ധമായും പരിശോധിക്കണമെന്ന് നിരവധി പേർ നിർദ്ദേശിച്ചു. ചിലർ സുരക്ഷാ ടിപ്സുകളുമായും രംഗത്തെത്തി.
സംഭവത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം പൂച്ച പൂർണമായും ആരോഗ്യം വീണ്ടെടുത്ത ദൃശ്യങ്ങളും ഉടമ പങ്കുവച്ചു.
അതേസമയം, വാഷിംഗ് മെഷീനുകളും ഡ്രയറുകളും പോലുള്ള ഗൃഹോപകരണങ്ങൾ വളർത്തുമൃഗങ്ങൾക്ക് വലിയ അപകടം സൃഷ്ടിക്കാമെന്ന് വെറ്ററിനറി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
മുമ്പ് ഓസ്ട്രേലിയയിൽ പാബ്ലോ എന്ന പൂച്ചയും സമാനമായി വാഷിംഗ് മെഷീനിൽ നിന്ന് രക്ഷപ്പെട്ട വാർത്ത ലോകശ്രദ്ധ നേടിയിരുന്നു.









