പത്തനംതിട്ടയിൽ ബി.ജെ.പി വിജയിക്കണമെങ്കിൽ പി.സി ജോർജ് തന്നെ മൽസരിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകർ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് പത്തനംതിട്ട മണ്ഡലത്തിൽ മികച്ച വോട്ട് നേടാൻ കഴിഞ്ഞെങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് ക്രൈസ്തവ വോട്ടർമാരെ ആകർഷിക്കാൻ കഴിയാതെ ഇരുന്നതിനാലെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. അതിനാൽ ഈ വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർഥി വന്നാൽ മാത്രമേ മണ്ഡലത്തിൽ വിജയിക്കാൻ കഴിയൂ എന്ന വിലയിരുത്തൽ ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവായ പിസി ജോർജിനെ പത്തനംതിട്ടയിൽ ഉറപ്പിക്കുന്നത്. പത്തനംതിട്ടയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തെ മുൻ ജനപ്രതിനിധി എന്ന നിലയിൽ മലയോരമേഖലയുടെ വികസനത്തിന് സജീവമായി പങ്കെടുത്ത നേതാവ് കൂടിയാണ് പിസി. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ ക്രൈസ്തവരായാൽ, സമുദായ വോട്ടുകൾ മൂന്നായി ഭിന്നിക്കുമെന്നാണ് ബി.ജെ.പിയുടെ ധാരണ. അടിസ്ഥാന ഹൈന്ദവ വോട്ടുകൾക്കൊപ്പം ക്രിസ്ത്യൻ വോട്ടുകളും മോദി ഭരണത്തിന്റെ മികവിലൂടെ ലഭിക്കുന്ന വോട്ടുകളും കൂടി ചേർന്നാൽ വിജയ സാദ്ധ്യതയെന്നാണ് ബി.ജെ.പി ക്യാമ്പിന്റെ വിലയിരുത്തൽ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് ലക്ഷത്തോളം വോട്ടുകൾ നേടിയ ബി.ജെ.പി ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെ തിരയുന്നതിനിടെയാണ് പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജ് ബി.ജെ.പിയിൽ ചേർന്നത്. ഏറെക്കാലമായി എൻ.ഡി.എയിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായി തുടരുകയായിരുന്ന ജനപക്ഷം പാർട്ടിയുമായിട്ടാണ് അദ്ദേഹം ബി.ജെ.പിയിൽ ലയിച്ചത്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിൽ ജനകീയ അടിത്തറയുള്ള ജനപക്ഷത്തിന് പത്തനംതിട്ടയിൽ കാര്യമായ വേരോട്ടമില്ലെങ്കിലും ക്രൈസ്തവ സഭകളിലുള്ള ജോർജിന്റെ സ്വാധീനം എൻ.ഡി.എയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ഇത്തവണയും പോരാട്ടം തിളച്ചുമറിയുമെന്നാണ് സൂചന. മൂന്ന് മുന്നണികളും നിലം ഒരുക്കുകയാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പത്തനംതിട്ടയിലെ ആറൻമുള, കോന്നി, റാന്നി, തിരുവല്ല, അടൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് പത്തനംതിട്ട മണ്ഡലം.
ശബരിമല യുവതീപ്രവേശന വിഷയം കത്തിനിന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3 ലക്ഷത്തിനടുത്ത് വോട്ട് ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു. ഹൈന്ദവ വോട്ടുകൾക്കു പുറമേ ക്രൈസ്തവ വോട്ടുകളും സമാഹരിക്കാൻ പി.സി.ജോർജിന് കഴിയുമെന്നു നേതാക്കൾ കരുതുന്നു. ക്ഷേത്രങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുന്ന പി.സി.ജോർജിന്റെ നിലപാടുകൾ ബിജെപിക്കു സ്വീകാര്യമായതിനാൽ ജോർജിനോട് അകലം പാലിക്കേണ്ട കാര്യമില്ലെന്നും അവർ പറയുന്നു. അതേസമയം, ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ ഓർത്തഡോക്സ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് നിലപാട് എതിരായാൽ മണ്ഡലത്തിലെ മറ്റ് സ്വാധീന ശക്തികളായ കത്തോലിക്ക, ക്നാനായ വിഭാഗങ്ങളെ ഒപ്പം ചേർക്കാനാകും സി.പി.എം നീക്കം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്തിയുള്ള വൈകാരിക പ്രചരണമാണ് ബി.ജെ.പിക്ക് വൻ മുന്നേറ്റമുണ്ടാക്കിയത്. 2014ൽഎം.ടി രമേശ് നേടിയ ഒന്നര ലക്ഷേത്തോളം വോട്ടുകളുടെ അടിത്തറയിൽ നിന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർന്നത്. ഇത്തവണ രണ്ട് ലക്ഷത്തിനടുത്ത് അടിസ്ഥാന വോട്ടുകൾ കണക്കാക്കിയാകും ബി.ജെ.പി പ്രചാരണം കൊഴുപ്പിക്കുക.
വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് പി സി ജോർജ്. കോട്ടയത്തെ അരുവിത്തുറയിൽ പ്ളാത്തോട്ടത്തിൽ ചാക്കോച്ചന്റെയും മറിയാമ്മയുടേയും മകനായി 1951 ഓഗസ്റ്റ് 28ന് ജനനം. അരുവിത്തുറയിലെ പുരാതന കത്തോലിക്ക കുടുംബത്തിലെ പ്രമാണിയായിരുന്ന അബ്കാരി കോൺട്രാക്ടറായിരുന്നു പിതാവ്. കേരളാ കോൺഗ്രസ് അനുഭാവിയായ പിതാവിന്റെ വഴിയെയാണ് ജോർജും സഞ്ചരിച്ചത്.
അരുവിത്തറ സെന്റ് ജോർജ് ഹൈസ്‌കൂളിൽനിന്നു പത്താംതരം കടന്ന് സെന്റ് ജോർജ് കോളജിലെ പ്രീഡിഗ്രി പഠനകാലത്തും ജോർജ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ബിരുദപഠനത്തിനായി 68-ൽ തേവര സേക്രട്ട് ഹാർട് കോളജിൽ എത്തിച്ചേർന്നപ്പോഴായിരുന്നു രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. ജോർജിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ഫിസ്‌ക്സ് പഠിക്കാൻ പോയ താൻ അവിടെ പഠിച്ചത് രാഷ്ട്രീയം ആയിരുന്നു’. ഒന്നാംതരം ഫുട്ബോൾ കളിക്കാരനായിരുന്ന ജോർജിന് ആരാധകരും ഏറെ ഉണ്ടായിരുന്നു. കെ.എസ്.യുവിനെ വെല്ലുവിളിച്ച് തേവര കോളജിൽ കെ.എസ്.സിയുടെ യൂണിറ്റ് ഉണ്ടാക്കി.
കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ജോർജ് എക്കാലത്തും വളർന്നുകൊണ്ടേയിരുന്നു. കെ.എസ്.സി. ജില്ലാപ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. ഇക്കാലയളവിൽ പാർട്ടി പിളർന്നു. വളരുന്തോറും പിളരുന്ന പാർട്ടിയാണേല്ലോ കേരളാ കോൺഗ്രസ്. സ്ഥാപക നേതാക്കളായ കെ.എം. ജോർജും പിള്ളയും ഒരു വശത്തും കെ.എം. മാണിയും മറ്റുള്ളവരും മറുഭാഗത്തും. ചെറുപ്പത്തിന്റെ ആവേശത്തിൽ മാണിക്കൊപ്പമായിരുന്നു ജോർജ് ഉറച്ചത്.
79ലെ പിളർപ്പിൽ മാണിയും ജോസഫും പിള്ളയും പലതായി പിളർന്നു മാറിയപ്പോൾ ജോർജ് കളത്തിൽ തെളിഞ്ഞുവന്നു. തുടർന്ന് 1980ൽ നടന്ന തെരഞ്ഞെടുപ്പിലാണു ജോർജിന്റെ കന്നിയങ്കം. മാണിയുടേയും സഭയുടേയും സ്വന്തക്കാരനായിരുന്ന വി.ജെ. ജോസഫിനെ തോൽപ്പിച്ച് മധുരപ്രതികാരം. 1148 വോട്ടായിരുന്നു ഭൂരിപക്ഷം. അദ്യമായി എംഎൽഎ ആയപ്പോൾ വെറും 29 വയസ്സായിരുന്നു പി സി ജോർജിന്റെ പ്രായം. അതോടെ കേരളരാഷ്ട്രീയത്തിൽ ജോർജ് യുഗം തുടങ്ങുകയായി.
പി സി ജോർജിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഉയർച്ചയുള്ള കാലം എന്നത് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നുകൊണ്ട്, വി എസിനൊപ്പം പ്രവർത്തിച്ചതാണ്. ഒരുകാലത്ത് വിഎസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് ജോർജ് അറിയപ്പെട്ടിരുന്നത്. ഭുമി കൈയറ്റേക്കാർ അടക്കമുള്ള സകല മാഫിയയുടെയും പേടി സ്വപനമായ ജനകീയനായ ഒരു നേതാവ് എന്ന ഇമേജാണ് അദ്ദേഹത്തിന് ഇക്കാലത്ത് കിട്ടിയത്.
മതികെട്ടാൻ ചോലയിൽ മാണിയുടെ ബന്ധുക്കൾ നടത്തിയ കൈയേറ്റം പുറത്തുകൊണ്ടുവന്നതിൽ വി എസിനൊപ്പം പി സി ജോർജും നിർണായക പങ്ക് വഹിച്ചു. കൈയേറ്റക്കാരുടെ പട്ടികയും തെളിവുകളും അടക്കം. അച്യുതാനന്ദനെ രംഗത്തിറക്കി, കാടും മലയും ഒപ്പം കയറിയിറങ്ങി. അങ്ങനെ വി.എസിന്റെ ബദൽ രാഷ്ട്രീയത്തിനൊപ്പം പി.സിയും മൈലേജ് നേടി.. മാധ്യമങ്ങൾ അന്നുതൊട്ടിങ്ങോട്ട് അച്യുതാനന്ദനു നൽകിപ്പോരുന്ന അഭൂതപൂർവമായ പിന്തുണയുടെ ഒരു പങ്ക് ജോർജിനും കിട്ടിത്തുടങ്ങി. അതോടെയാണ് അദ്ദേഹത്തിന്റെ ഇമേജ് മാറുന്നത്. കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്ഥരെ വഴക്കു പറയുന്ന പി.സി, ഉരുളക്ക് ഉപ്പേരിപോലെ ചാനൽ ചർച്ചകളിൽ മറുപടി പറയുന്ന പി സി, പൊലീസിന്റെ മോശം നടപടികൾക്കെതിരെ പ്രതികരിക്കുന്ന ഒറ്റയാൻ, ടോൾബൂത്തുകളിൽ കയറി കൊള്ള ചോദ്യം ചെയ്യുന്ന നേതാവ്, ആർക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയൻ…. അങ്ങനെ കൃത്യമായി ഒരു ജനപക്ഷ രാഷ്ട്രീയക്കാരന്റെ ഇമേജാണ് പി സിക്ക്.
2006-ലെ തെരഞ്ഞടുപ്പിൽ സെക്കുലറിനു എൽ.ഡി.എഫ്. ഒരു സീറ്റ് നൽകി, പൂഞ്ഞാർ. മാണി ഗ്രൂപ്പിലെ അഡ്വ. എബ്രഹാം കൈപ്പൻപ്ലാക്കൽ എതിരാളിയായെങ്കിലും ജോർജ് വിജയിച്ചു. ഭൂരിപക്ഷം 7637.
2011ലും പൂഞ്ഞാറിൽ ജയിച്ചു. പക്ഷേ ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ ഇടം നേടാനായില്ല. പകരം ചീഫ് വിപ്പായി. പക്ഷേ അവിടെയും പി സി കളികണ്ടു നിന്നില്ല. ഇറങ്ങിക്കളിക്കാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
മുമ്പ് വി എസിന്റെ ഒപ്പം നിന്നപോലെ ജോർജ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം ശക്തമായി നിന്നു. പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് അന്വേഷിക്കാൻ ഉത്തരവിട്ട വിജിലൻസ് ജഡ്ജിക്കെതിരേ രൂക്ഷമായ പ്രതികരണങ്ങളുമായി ആദ്യം രംഗത്തെത്തിയതു ജോർജായിരുന്നു. രാഷ്ട്രപതിക്കു ജഡ്ജിക്കെതിരേ കത്തയയ്ക്കാനും ജോർജ് തയാറായപ്പോൾ കോൺഗ്രസുകാർ പോലും ഞെട്ടിപ്പോയി.