പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10% തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്കെതിരെ ശക്തമായ മറുപടിയുമായി ചൈന രംഗത്തെത്തി. ഗൂഗിളിൻറെ ചൈനയിലെ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ചൈന നിരവധി അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്താനും തീരുമാനിച്ചു.
അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കൽക്കരി, എൽ എൻ ജി എന്നിവയ്ക്ക് 15% തീരുവയും, അസംസ്കൃത എണ്ണ, കാർഷിക അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്ക് 10% തീരുവയും ചൈന ഏർപ്പെടുത്തി. കാനഡ മെക്സിക്കോ എന്നിവയ്ക്ക് എതിരായി തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിച്ച ട്രംപ് ഭരണകൂടം ചൈനയ്ക്കെതിരായ തീരുവ ചുമത്തലിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന പ്രഖ്യാപനം നടത്തിയിരുന്നു.
അമേരിക്കയിലേക്ക് മാരക മയക്കുമരുന്നായ ഫെൻറനൈൽ കയറ്റി അയയ്ക്കുന്നു എന്നതാണ് ചൈനക്കെതിരായ അമേരിക്കയുടെ പ്രധാന ആരോപണം. ഫെൻറനൈൽ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുന്നുവെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്കയിൽ നിന്നുള്ള ധാതുക്കളുടെ ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ തന്നെ ഗൂഗിളിനെതിരെ കുത്തക വിരുദ്ധ അന്വേഷണവും ചൈന പ്രഖ്യാപിച്ചു. ടങ്സ്റ്റൺ വസ്തുക്കൾക്കും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആഗോള ഫാഷൻ ബ്രാൻറായ കാൽവിൻ ക്ലീൻ ഉൽപാദകരമായ പിഎച്ച്പി കോർപ്പറേഷൻ, ഇല്ല്യുമിന എന്നിവയെ അപ്രിയ കമ്പനികളായും ചൈന പ്രഖ്യാപിച്ചു.