ഇരതേടി ഇറങ്ങിയ കടുവയും ഇരയായ കാട്ടുപന്നിയും കിണറ്റില്‍ വീണത് ഒരുമിച്ച്. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ ജികുരായ് വനമേഖലയിലെ പിപാരിയ ഹർദുലി ഗ്രാമത്തിലാണ് സംഭവം. കടുവ പന്നിയെ പിന്തുടരുന്നതിനിടെയാണ് ഇരുവരും കിണറ്റിൽ വീണതെന്ന് റിസർവ് ഡെപ്യൂട്ടി ഡയറക്ടർ രജനീഷ് കുമാർ സിങ് പറഞ്ഞു. ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള കടുവയാണ് വീണത്.
ചൊവ്വാഴ്ച രാവിലെ ഗ്രാമവാസികൾ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കിണറ്റിൽ വീണതോടെ കാട്ടുപന്നി ഇരയാണെന്ന കാര്യമെല്ലാം കടുവ മറന്നു. കടുവയും പന്നിയും രക്ഷയ്ക്കായി അടുത്തടുത്തായി കാത്തിരിക്കുന്ന കാഴ്ചയാണ് ഗ്രാമവാസികൾ കണ്ടത്.
രക്ഷപ്പെടാൻ ഒരു വഴിയുമില്ലാതെ, കടുവയും പന്നിയും വെള്ളത്തില്‍ നിലയുറപ്പിക്കാൻ പാടുപെട്ടു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ കിണറിന് ചുറ്റും തടിച്ചുകൂടി.
നാല് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ ഒടുവിൽ കടുവയെയും രക്ഷപ്പെടുത്തുകയായിരുന്നു. നിമിഷനേരം കൊണ്ടാണ് അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായത്.