മലയാള സിനിമയിലെ ഹിറ്റ് താര ജോഡികളായ ജയറാം- ഉർവശി ചിത്രം ‘മാളൂട്ടി’ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. മാളൂട്ടിയായി അഭിനയിച്ച ബേബി ശാമിലി കുഴൽ കിണറിൽ വീഴുന്നതും തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുഴൽ കിണറിൽ വീണ മാളൂട്ടിയെ ഏറെ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷിക്കുന്നത്. മഴയടക്കമുള്ള നിരവധി സംഘർഷങ്ങൾ രക്ഷാദൗത്യ സംഘം നേരിടുന്നുണ്ട്. കുഞ്ഞ് വീണ കുഴൽക്കിണറിന് സമാന്തരമായി വലിയ കുഴിയെടുത്ത് അതുവഴിയാണ് മാളൂട്ടിയെ പുറത്തെത്തിക്കുന്നത്. കുട്ടിയുടെ ജീവൻ നിലനിർത്താനായി ഓക്സിജൻ പൈപ്പ് വഴി കൊടുക്കുന്നതും സിനിമയിൽ കാണിക്കുന്നുണ്ട്.
1990 ൽ ഇറങ്ങിയ മാളൂട്ടിയ്ക്ക് സമാനമായാണ് ഇന്നലെ കര്‍ണാടകയിലെ വിജയപുരയിലും ഒരു അപകടം നടന്നത്. ഇന്നലെ വൈകിട്ട് ലച്ച്യാൻ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുഴല്‍ക്കിണറില്‍ ഒന്നരവയസ്സുകാരനായ സാത്വിക് വീഴുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കെയാണ് ഒന്നരവയസ്സുകാരാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ടവർ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം 20 മണിക്കൂർ പിന്നിട്ടാണ് പൂർത്തീകരിച്ചത്. കുഴൽക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴി നിർമ്മിച്ചാണ് അധികൃതർ കുട്ടിയെ പുറത്തെടുത്തത്. ഇന്ന് രാവിലെ കുഞ്ഞ് ശബ്ദങ്ങളോട് പ്രതികരിക്കാതിരുന്നതോടെ വലിയ ആശങ്കയുണ്ടായിരുന്നു. ഇന്നലെ രാത്രി മുതൽ കുഞ്ഞിന് നിരന്തരം ഓക്സിജൻ നൽകാൻ സജ്ജീകരണം ഒരുക്കിയിരുന്നു. ജീവനോടെ പുറത്തു വരുന്ന കുഞ്ഞിന്‍റെ അമ്മ അടക്കമുള്ളവർ പുറത്ത് ആംബുലൻസിൽ കാത്തിരിക്കുകയായിരുന്നു.
സാത്വിക്കിന്റെ അപകട വിവരമറിഞ്ഞ മലയാളികളിൽ ചിലരെങ്കിലും മാളൂട്ടിയെ പറ്റി ഓർക്കാതിരുന്നു കാണില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മാളൂട്ടിയെ പോലെ സാത്വിക്കും തിരികെ ജീവിതത്തിലേക്ക് എത്തിയത് ഏറെ ആശ്വാസകരം.