കൊച്ചി: ഫ്ലാറ്റിലെ വെള്ളത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച സംഭവത്തിൽ ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തി.
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ തൃക്കാക്കര നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കുഴൽ കിണറിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിലാണ് ബാക്ടീരിയ എന്നു കണ്ടെത്തി.
ഇതെത്തുടർന്ന് ഈ ജല സംഭരണി ശുചീകരിക്കാനും വാൽവ് മാറ്റി സ്ഥാപിക്കാനും ആരോഗ്യ വകുപ്പ് ഫ്ലാറ്റ് അധികൃതർക്ക് നിർദ്ദേശം നൽകി. വെള്ളവും ടാങ്കും ശുചീകരിക്കാൻ നിർദേശം നൽകിയെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും നഗരസഭാ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞു.
ഡി.എല്‍.എഫ്. ഫ്‌ളാറ്റില്‍ വയറിളക്ക രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കല്‍ ഓഫീസര്‍ ഫ്‌ളാറ്റ് അസോസിയേഷന് നോട്ടീസ് നല്‍കിയിരുന്നു. 4095 പേരാണ്15 ടവറുകളിലായി പ്രസ്തുത ഫ്‌ളാറ്റില്‍ താമസിക്കുന്നത്. ഇതില്‍ 500ഓളം പേര്‍ക്ക് രോഗലക്ഷണമുണ്ടായി.
ഫ്‌ളാറ്റുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന എല്ലാ സ്രോതസുകളും ക്ലോറിനേഷന്‍ നടത്തി ശുദ്ധത ഉറപ്പുവരുത്തി വിതരണം ചെയ്യുന്നതിനും ഫ്‌ളാറ്റില്‍ നിന്നുമുള്ള മലിനജലം, ശുചിമുറി മാലിന്യങ്ങള്‍ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും നോട്ടീസ് മുഖേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.