കോട്ടയം: സിൽവർലൈൻ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ദക്ഷിണറെയിൽവേ. സിൽവർലൈൻപദ്ധതി കെ-റെയിൽ രൂപകല്പനചെയ്തത് റെയിൽവേയുടെ ഭാവിവികസനപരിപാടികൾ പരിഗണിക്കാതെയാണെന്നാണ് മറുപടി.2020 ജൂൺ 20-ന് കെ-റെയിൽ വിശദപദ്ധതിരേഖ സമർപ്പിച്ചിരുന്നു. ഇതിൽ സാമ്പത്തികമായും സാങ്കേതികമായും പദ്ധതി നടപ്പാക്കാൻ പ്രയാസമുള്ളതാണെന്നും റെയിൽവേമന്ത്രി വ്യക്തമാക്കിയിരുന്നു. ഇൗ പദ്ധതിരേഖ കെ-റെയിൽ പുതുക്കി സമർപ്പിച്ചിട്ടില്ലെന്നും ദക്ഷിണറെയിൽവേ അറിയിച്ചു. റെയിൽവേ ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കുള്ള വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും തൃപ്തികരമല്ല. വിവരാവകാശപ്രകാരമുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ദക്ഷിണറെയിൽവേ വ്യക്തമാക്കി.
സിൽവർ ലൈനിന് ഉദ്ദേശിക്കുന്ന റെയിൽവേഭൂമിയിൽ ദക്ഷിണ റെയിൽവേയും കെ-െറയിലും സംയുക്തമായി സർവേ നടത്തിയിരുന്നു. ഇതിനു ശേഷം റെയിൽവേബോർഡിന് നൽകിയ റിപ്പോർട്ടിൽ ദക്ഷിണ റെയിൽവേ ഭൂമിവിട്ടുനൽകാൻ എതിർപ്പറിയിക്കുകയായിരുന്നു. റെയിൽവേയുടെ 107.80 ഹെക്ടർ ഭൂമിയാണ് സിൽവർലൈനിന് ആവശ്യമുള്ളതെന്നാണ് വിശദപദ്ധതിരേഖയിൽ വ്യക്തമാക്കിയിരുന്നത്. ഇൗ ഭൂമി വിട്ടുകൊടുത്താൽ എറണാകുളം-ഷൊർണൂർ മൂന്നാംലൈൻ റെയിൽവേ വേണ്ടെന്ന് വെക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ മൂന്നാംപാത നിർദേശം ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബർ 29-നും ഡിസംബർ ഏഴിനും റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം ദക്ഷിണറെയിൽവേ കെ-റെയിൽ മേധാവികളുമായി തമ്മിൽ ചർച്ച നടത്തിയിരുന്നു. സിൽവർലൈൻ പദ്ധതിരേഖ, റെയിൽവേഭൂമി പങ്കിടൽ എന്നിവയായിരുന്നു വിഷയം. എന്നാൽ പദ്ധതിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചു മാത്രമാണ്. െക-റെയിൽ യോഗത്തിൽ വിശദീകരിച്ചതെന്നും റെയിൽവേ വിവരാവകാശമറുപടിയിൽ വ്യക്തമാക്കി.









