പത്തംതിട്ട: മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നു ശബരിമല ഡ്യൂട്ടിക്കെത്തിയ എംഎസ്പി ക്യാമ്പിലെ എസ്ഐയെ തിരിച്ചയച്ചു. എസ്ഐ പത്മകുമാറിനെയാണ് തിരിച്ചയച്ചത്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
നിലയ്ക്കലാണ് സംഭവം. പരാതിയെ തുടർന്നു എസ്ഐയെ ഇന്നലെതന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചതായി കണ്ടെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
മദ്യപിച്ചെത്തിയ ഒരാൾ ബഹളമുണ്ടാക്കുന്നുവെന്ന് ഇന്നലെ രാത്രിയോടെ ഹോട്ടൽ ജീവനക്കാരാണ് പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചത്. തുടർന്നു പൊലീസെത്തി എസ്ഐയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെയാണ് പിടികൂടിയ ആൾ പൊലീസാണെന്നു മനസിലായത്.
വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളെ രാത്രിയിൽ തന്നെ ഡ്യൂട്ടിയിൽ നിന്നു ഒഴിവാക്കി മടക്കി അയച്ചത്. സംഭവത്തെക്കുറിച്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.