സൗദി അറേബ്യയിലെ വിദൂരസ്ഥമായ മരുഭൂമിയിൽ പരിക്കേറ്റ് കിടന്ന ഇടയന് സൗദി റെഡ് ക്രസൻറ് ടീം രക്ഷകരായി. ഖസീം പ്രവിശ്യയിലെ മരുഭൂമിയിൽ ഒട്ടകങ്ങളുടെ ഇടയനായി ജോലി നോക്കിവന്ന പ്രവാസിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഒരു സൗദി പൗരൻ റെഡ് ക്രസൻറിനെ വിവരം അറിയിച്ചതിനെത്തുടർന്ന് അതിവേഗം എയർ ആംബുലൻസ് അയച്ച് അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ഇപ്പോൾ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. അപകടനില തരണം ചെയ്തു.
ഖസീം പ്രവിശ്യയുടെ വടക്ക് അൽ ബൈദ ഖനിമേഖലയുടെ പടിഞ്ഞാറ് അൽ മദ്ഹൂർ മരുഭൂമിയിൽ ഒട്ടക കൂട്ടങ്ങളുടെ പരിപാലകനായി കഴിഞ്ഞ ഈ പ്രവാസി തൊഴിലാളിക്ക് പരിക്കേറ്റതായി സൗദി പൗരനാണ് റെഡ് ക്രസൻറിൻറെ ഖസീം റീജനൽ കൺട്രോൾ റൂമിനെ അറിയിച്ചത്.
റെഡ് ക്രസൻറ് അധികൃതർ ഉടൻ എയർ ആംബുലൻസിനെയും സന്നദ്ധ പ്രവർത്തകരെയും തയ്യാറാക്കി ഇടയനുള്ള സ്ഥലം കൃത്യമായി ലൊക്കേറ്റ് ചെയ്ത് അവിടെ എത്തി.
പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം എയർ ആംബുലൻസിൽ കയറ്റി വിദഗ്ധ ചികിത്സക്കായി ബുറൈദ സെൻട്രൽ ആശുപത്രിയിൽ എത്തിച്ചു.
24 മണിക്കൂറും എയർ ആംബുലൻസ് സേവനം ലഭ്യമാണെന്നും മനുഷ്യ ജീവന്റെ രക്ഷക്കായി ഏത് ദുഷ്കര സാഹചര്യത്തിലായാലും അതിവേഗം എത്തുമെന്നും സൗദി റെഡ് ക്രസൻറ് ഖസീം പ്രവിശ്യാ റീജനൽ മേധാവി ഖാലിദ് അൽഖിദ്ർ പറഞ്ഞു.
English summary : The Saudi Red Crescent team rescues the expatriate shepherd who was injured in the desert