പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടിവരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി 258 സിസിടിവി നിരീക്ഷണ ക്യാമറകൾ പുതുതായി സ്ഥാപിച്ചു.
പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതോടൊപ്പം പോലീസ് പരിശോധനയും ശക്തമാക്കി. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവയുടെ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ശബരിമലക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകൾ ഉണ്ട്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി.ബിജോയ്‌ക്കാണ്.
ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഉടൻ തന്നെ പരിശോധിച്ച് അപ്പപ്പോൾ നിയമ നടപടികൾ സ്വീകരിക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനും എളുപ്പമാണ്.