കൊച്ചി: മുനമ്പവും തളിപ്പറമ്പും ഉൾപ്പെടെയുളള സ്ഥലങ്ങളിൽ ഏക്കറുകണക്കിന് ഭൂമിക്ക് അവകാശവാദം ഉന്നയിക്കുന്ന വഖഫ് ബോർഡിന് ആകെയുളളത് 45.30 സെന്റ് സ്ഥലമെന്ന് വിവരാവകാശ മറുപടി.
വിവരാവകാശ പ്രവർത്തകനായ കൊച്ചി വാഴക്കാല സ്വദേശി എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം സർക്കാർ നൽകിയ മറുപടിയിലാണ് വഖഫ് ബോർഡിൻ്റെ ആകെ ആസ്തി – സ്വത്ത് വിവരങ്ങൾ കൈമാറിയത്.
സംസ്ഥാനത്തെ ഏക്കറുകണക്കിന് ഭൂമി അന്യാധീനപ്പെടുത്താൻ ശ്രമിക്കുന്ന വഖഫ് ബോർഡിന് ആകെയുള്ളത് 45.30 സെന്റ് സ്ഥലമാണെന്ന മറുപടി വിചിത്രമാണെന്ന് എം.കെ. ഹരിദാസ് പറയുന്നു.
വഖഫ് ബോർഡിന്റെ ആസ്തി 2023 മാർച്ച് 31 ന് തയ്യാറാക്കിയ ബാലൻസ് ഷീറ്റ് പ്രകാരം 8,07,63,339 കോടി രൂപയാണെന്നും വിവരാവകാശ രേഖയിൽ പറയുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ 27.28 കോടിയുടെ സാമ്പത്തിക സഹായം എൽഡിഎഫ് സർക്കാർ വഖഫ് ബോർഡിന് നൽകിയതായും എം.കെ ഹരിദാസ് പറയുന്നു.
വഖഫിൻ്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന കലൂരിലെ 9.150 സെന്റ് സ്ഥലവും, കോഴിക്കോട് ഓഫീസിന് വേണ്ടി കണ്ടെത്തിയ 24.45 സെന്റ് സ്ഥലവും, വഖഫ് ബോർഡ് വക ബ്രോഡ്‌വേയിലുള്ള 11.700 സെന്റ് സ്ഥലവുമാണ് ആകെയുള്ളത്.
വിവരാവകാശ രേഖകൾ പ്രകാരം ലഭിക്കുന്ന മറുപടി ഇതാണെങ്കിലും മറുഭാഗത്ത് വഖഫ് ബോർഡ് കേരളത്തിലെ കണ്ണായ പല സ്ഥലങ്ങളിലും അവകാശവാദം ഉന്നയിച്ച് മുൻപോട്ടു വരികയാണെന്ന് ഹരിദാസ് ചൂണ്ടിക്കാട്ടി. ഇത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് 446 കേസുകൾ നടന്നുവരികയാണെന്നും മറുപടിയിൽ പറയുന്നു. ഇവയുടെ മതിപ്പുവില കണക്കാക്കിയിട്ടില്ലെന്നും വിവരാവകാശ മറുപടിയിലുണ്ട്.
വഖഫ് സ്ഥാപനങ്ങളുടെ നിയന്ത്രണം, മേൽനോട്ടം എന്നിവയും, വഖഫ് വസ്തുക്കളുടെ സംരക്ഷണവുമാണ് ബോർഡിന്റെ പ്രവർത്തന ഉദ്ദേശങ്ങളെന്നാണ് കേരള സംസ്ഥാന വഖ്ഫ് ബോർഡ് മുഖ്യ കാര്യാലയത്തിൽ നിന്നുള്ള മറുപടി.
മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ 600 ലധികം കുടുംബങ്ങൾ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെയാണ് സംഭവം പൊതു സമൂഹത്തിൽ ചർച്ചയായത്. കേന്ദ്രസർക്കാർ വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചതിന് പിന്നാലെയാണ് മുനമ്പത്തെ ജനങ്ങൾ സ്വന്തം ഭൂമിക്കായുളള അവകാശത്തിനായി സമരത്തിന് ഇറങ്ങിയത്”