മുംബൈ: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷത്തിൽ നിന്നും നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഈ നടപടി ഉയർന്ന നികുതി ബാധ്യത വേഗത്തിൽ അടയ്ക്കാൻ നികുതിദായകരെ സഹായിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പണവായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു റിസർവ് ബാങ്ക് പ്രഖ്യാപനം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി നികുതി അടയ്ക്കുമ്പോഴും സമാന രീതിയാണ്.The Reserve Bank of India has raised the UPI limit for tax payment from Rs 1 lakh to Rs 5 lakh
ആദ്യമായല്ല ആർബിഐ യുപിഐ പരിധി ഉയർത്തുന്നത്. 2023 ഡിസംബറിൽ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകളിൽ ആർബിഐ യുപിഐ പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. സാധാരണയായി യുപിഐയിൽ ഒറ്റ ഇടപാടിൽ 1 ലക്ഷം രൂപ വരെ കൈമാറാം. ക്യാപിറ്റൽ മാർക്കറ്റുകൾ, കളക്ഷനുകൾ, ഇൻഷുറൻസ് തുടങ്ങി ചില പ്രത്യേക വിഭാഗങ്ങൾക്ക് യുപിഐ ഇടപാട് പരിധി 2 ലക്ഷം രൂപ വരെയാണ്. ഐപിഒ, റീട്ടെയിൽ ഡയറക്ട് സ്‌കീം എന്നിവയിൽ ഒറ്റ ഇടപാടിൽ 5 ലക്ഷം രൂപ വരെ കൈമാറാം.
2021 ഡിസംബറിലാണ് റീട്ടെയിൽ ഡയറക്ട് സ്‌കീമിനും ഐപിഒ സബ്‌സ്‌ക്രിപ്ഷനുകൾക്കുമുള്ള യുപിഐ ഇടപാട് പരിധി അഞ്ചു ലക്ഷം രൂപയായി ഉയർത്തിയത്. സാധാരണ യുപിഐ ഇടപാടുകളുടെ പരിധിയിൽ മാറ്റമില്ല. അത് ഒരുലക്ഷം രൂപയായി തുടരും. ഓഹരി/കടപ്പത്ര നിക്ഷേപം, ഇൻഷുറൻസ് അടയ്ക്കൽ, വിദേശത്തേക്ക് പണമയയ്‌ക്കൽ തുടങ്ങിയവയുടെ യുപിഐ പരിധി രണ്ടുലക്ഷം രൂപയായും പ്രാരംഭ ഓഹരി വിൽപനയിലെ (ഐപിഒ) നിക്ഷേപം, റിസർവ് ബാങ്കിന്റെ റീറ്റെയ്ൽ ഡയറക്റ്റ് സ്കീം എന്നിവയിൽ യുപിഐ ഉപയോഗിച്ച് നടത്താവുന്ന ഇടപാടിന്റെ പരിധി 5 ലക്ഷം രൂപയായും തുടരും.
യുപിഐയിൽ നിലവിൽ ഉപയോക്താവിന് സ്വന്തം അക്കൗണ്ടിൽ നിന്നുള്ള പണമാണ് ഇടപാടുകൾക്ക് ഉപയോഗിക്കാനാവുക. ഇനി മുതൽ മറ്റൊരാളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ അനുവാദത്തോടെ പ്രയോജനപ്പെടുത്താം. ഇതിനായി യുപിഐയിൽ ഡെലിഗേറ്റഡ് പേയ്മെന്റ്സ് സൗകര്യം കൊണ്ടുവരുമെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
മുഖ്യ ഉപയോക്താവിന് (പ്രൈമറി യൂസർ), മറ്റൊരു വ്യക്തിക്ക് (സെക്കൻഡറി യൂസർ) തന്റെ ബാങ്ക് അക്കൗണ്ടിലെ പണം കൈകാര്യം ചെയ്യാൻ അനുവദിക്കാവുന്ന സൗകര്യമാണിത്. സെക്കൻഡറി യൂസർക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് ആവശ്യമില്ലെന്നതാണു മറ്റൊരു പ്രത്യേകത. യുപിഐ/ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വ്യാപകമാക്കാൻ ഇത് സഹായിക്കുമെന്ന് റിസർവ് ബാങ്ക് കരുതുന്നു.
നിലവിൽ ചെക്ക് ട്രാൻസാക്‌ഷൻ സിസ്റ്റത്തിൽ (സിടിഎസ്) ഓരോ ബാച്ചുകളായി രണ്ട് പ്രവൃത്തിദിനം വരെ എടുത്താണ് ബാങ്കുകൾ ചെക്കുകൾ പാസാക്കുന്നത്. ചെക്ക് ക്ലിയറിങ് സമയം കുറയ്ക്കുമെന്നും സിടിഎസിൽ ഓൺ-റിയലൈസേഷൻ സെറ്റിൽമെന്റ് അവതരിപ്പിക്കുന്നതിലൂടെ മണിക്കൂറുകൾക്കകം ചെക്ക് പാസാകാനുള്ള സംവിധാനം കൊണ്ടുവരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ഇതു ജനങ്ങൾക്കും ബിസിനസുകാർക്കും അതിവേഗം പണലഭ്യത ഉറപ്പാക്കാൻ സഹായിക്കും.
നിലവിൽ ഓരോ വായ്പാ ഇടപാടുകാരന്റെയും വായ്പാത്തിരിച്ചടവുകൾ സംബന്ധിച്ച വിവരങ്ങൾ ബാങ്കുകൾ മാസാടിസ്ഥാനത്തിലാണു സിബിൽ ഉൾപ്പെടെയുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് (സിഐസി) കൈമാറുന്നത്. ഓരോ തവണയും റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യപ്പെടാൻ ഒരു മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയുമാണ്. ഈ സമയപരിധി കുറയ്ക്കുമെന്നു റിസർവ് ബാങ്ക് വ്യക്തമാക്കി. ഇത്, ക്രെഡിറ്റ് സ്കോർ അതിവേഗം അപ്ഡേറ്റ് ചെയ്യാൻ സഹായിക്കും. ഉപയോക്താക്കൾക്കും ബാങ്കുകൾക്കും ഒരുപോലെ നേട്ടമാകുമെന്നും വായ്പാ തിരിച്ചടവുകൾ കൂടുതൽ സജീവമാകുമെന്നും റിസർവ് ബാങ്ക് കരുതുന്നു.