രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവുണ്ടായേക്കും. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിയുന്നതും രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന പ്രചരണം ഉയരാൻ കാരണമാകുന്നു. മൂന്ന് മാസത്തിനിടെ എണ്ണക്കമ്പനികളുടെ ലാഭം 27,288 കോടി രൂപയിൽ നിന്ന് 2,720 കോടി രൂപയായി ഇടിഞ്ഞു.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമായി. ആഗോള ക്രൂഡോയിൽ വില ബാരലിന് 76 ഡോളറിലേക്ക് ഉയർന്നതോടെ കമ്പനികളുടെ ലാഭത്തെ പ്രതികൂലമായി ബാധിച്ചു.
നിലവിൽ ഉത്പാദന ചെലവിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. പെട്രോൾ, ഡീസൽ എന്നിവയുടെ വില നിർണയാവകാശം നഷ്ടമായതിനാൽ കമ്പനികൾക്ക് സ്വമേധയ വില്പന വില ഉയർത്താൻ കഴിയില്ല.
മൂന്ന് മാസത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ മൂന്ന് കമ്പനികളുടെയും ലാഭം നൂറ് ശതമാനത്തിനടുത്ത് കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിലിന്റെ അറ്റാദായം ഇക്കാലയളവിൽ 99 ശതമാനം ഇടിവോടെ 180 കോടി രൂപയായി. മുൻവർഷം അറ്റാദായം 12,967 കോടി രൂപയായിരുന്നു. വരുമാനം മുൻവർഷത്തെ 2.02 ലക്ഷം കോടിയിൽ നിന്ന് നാല് ശതമാനം കുറഞ്ഞ് 1.95 ലക്ഷം കോടി രൂപയിലെത്തി.
English summary : The profits of oil companies fell in three months; fuel prices will rise