ഇന്നലെ മാനന്തവാടി നഗരത്തിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കർണാടക വകുപ്പ്.ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടറാണ് റിപ്പോർട്ട് നൽകിയത്. സമ്മർദത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുള്ളത്.ആനയുടെ ദേഹത്തെ മുഴയിൽ പഴുപ്പുണ്ടായതായും ലിംഗത്തിൽ മുറിവുണ്ടായിരുന്നെന്നും ഞരമ്പിൽ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോർട്ടിലുണ്ട്.വാഹനത്തിൽ വെച്ച് തന്നെ ആന കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ആളും ബഹളവും കണ്ട ആഘാതം ആനക്കുണ്ടായിരുന്നിരിക്കാമെന്നും ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ ഐഎഫ്എസ് പറഞ്ഞു.
മയക്കുവെടിയേറ്റതിനു ശേഷം 15 മണിക്കൂറോളം ആന മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു.ഇതേതുടർന്ന് നീർജലീകരണം സംഭവിച്ചതായും ഇലക്‌ട്രൊലൈറ്റ് അളവ് കുറഞ്ഞതോടെ ഹൃദയാഘാതം ഉണ്ടായതാകാനാണു സാധ്യതയെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.ഇതിനു പിന്നാലെയാണ് തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമാണെന്ന പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
അതേസമയം തണ്ണീർക്കൊമ്പൻ ദൗത്യം നടപ്പിലാക്കിയതിൽ കേരള വനംവകുപ്പിനെതിരെ പരോക്ഷ വിമർശനമുണ്ട്.ആനയ്ക്ക് അൽപസമയം വിശ്രമം നൽകിയ ശേഷം മാറ്റുന്നതായിരുന്നു നല്ലതെന്ന് ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ അഭിപ്രായപ്പെട്ടു. രാത്രിക്ക് രാത്രി ആനയെ കർണാടകയിലേക്ക് മാറ്റേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : മാർത്താണ്ഡം മേൽപ്പാലത്തിൽ ബസുകൾ കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്