തിരുവനന്തപുരം: ഇനിയും നന്നാവാത്ത പൊലീസിനെ ജനത്തെ വിട്ട് ശരിയാക്കാൻ സർക്കാർ. പൊലീസിന്റെ പെരുമാറ്റവും കാര്യക്ഷമതയും വിലയിരുത്തി മാർക്കിടാനുള്ള സംവിധാനം വരുന്നു.
പാസ് മാർക്ക് കിട്ടാത്തവർക്കെതിരെ കൈയോടെ നടപടി എടുക്കുന്ന പുതിയ സംവിധാനം മുഖ്യമന്ത്രി പിണറായിവിജയൻ ഇന്ന് ഉദ്ഘാടനംചെയ്യും.
എല്ലാ സ്റ്റേഷനിലും പ്രധാന പൊലീസ് ഓഫീസുകളിലും മാർക്കിടാനുള്ള ക്യു.ആർ കോഡ് പതിക്കുന്ന പദ്ധതിയാണ് വരുന്നത്. മൊബൈലിൽ സ്കാൻ ചെയ്താണ് മാർക്കിടേണ്ടത്.
മികച്ചത്, നല്ലത്, ശരാശരി, മോശം, തീരെമോശം എന്നിങ്ങനെ റേറ്റിംഗ് ഇടാം. പരാതി സ്വീകരിക്കാതിരിക്കുക, അന്വേഷണം ഉഴപ്പുക, അനാവശ്യ കാലതാമസം വരുത്തുക എന്നിവയും ഇതിലൂടെ അറിയിക്കാനാകും. ജില്ലാ പൊലീസ് മേധാവിക്കായിരിക്കും മാർക്കും പരാതിയും ലഭിക്കുക.
ജനത്തിനുമേൽ കൈത്തരിപ്പ് തീർക്കുകയും കാശുവാങ്ങി കേസൊതുക്കുകയും ചെയ്യുന്നവരെ നന്നാക്കാനുള്ള സർക്കാരിൻ്റെ അറ്റകൈ പ്രയോഗമാണിത്. സൈബർ വിഭാഗമാണ് മാർക്കിടൽ സംവിധാനം ഒരുക്കിയത്. ജനങ്ങൾക്ക് നേരിട്ടെത്താതെ പൊലീസിനെതിരേ പരാതിപ്പെടാമെന്ന മെച്ചവുമുണ്ട്.
പൊൽ-ആപ്പ്, തുണ എന്നിവയുമായി സംയോജിപ്പിച്ചാണ് പുതിയ സംവിധാനം. ജനങ്ങൾ നൽകുന്ന റേറ്റിംഗും പരാതികളും ഇവയിൽ രേഖപ്പെടുത്തും. ജില്ലാ മേധാവിമാർ നേരിട്ട് പരിശോധിക്കുന്നതിനാൽ ക്രമക്കേടിനുള്ള സാധ്യതയും കുറവാണ്.
താക്കീത്, സ്ഥലം മാറ്റം, സസ്പെൻഷൻ നടപടിയുണ്ടാകും. അന്വേഷണത്തിൽ മനപ്പൂർവം വീഴ്ചയെന്നു തെളിഞ്ഞാൽ പുറത്താക്കലിൽ വരെ കാര്യങ്ങളെത്തും.