കൊച്ചി: കുണ്ടന്നൂരിൽ നിന്നും പിടികൂടിയത് കുറുവ സംഘത്തിലെ മോഷ്ടാവിനെ തന്നെയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മണ്ണഞ്ചേരിയിലും കോമളപുരത്തും മോഷണം നടത്തിയത് കുറുവാസംഘമാണെന്നും പൊലീസ് പറഞ്ഞു.
സംഘത്തിൽ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടി. ഇവ പൂർണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചതെന്നും ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു.
പ്രതിയുടെ നെഞ്ചിൽ പച്ച കുത്തിയതാണ് തിരിച്ചറിയാൻ നിർണായകമായി. പാലായിൽ സമാനമായ രീതിയിൽ മോഷണം നടന്നതും അന്വേഷിച്ചു.
അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിലും വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ് രേഖപ്പെടുത്തും. കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
കുറുവ സംഘത്തിൽപ്പെട്ട പ്രതികളുമായി പൊലീസ് ഇന്ന് പുലർച്ചെ തെളിവെടുപ്പ് നടത്തി.കൃത്യമായ കസ്റ്റഡി നടപടികളുടെ പശ്ചാത്തലത്തിലാണ് പ്രതികളുടെ അറസ്റ്റ് നടന്നിരിക്കുന്നത്.
പുന്നപ്രയിൽ മാല നഷ്ട്ടപെട്ട യുവതിയും സന്തോഷിന്റെ ശരീര പ്രകൃതം തിരിച്ചറിഞ്ഞതായി മൊഴി നൽകിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
സന്തോഷ് സെൽവം പാലായിൽ നടന്ന മോഷണക്കേസിൽ നിന്ന് ജയിൽ മോചിതനായത് മാസങ്ങൾക്ക് മുൻപാണ്. മണികണ്ഠനും നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
പ്രതികളെ കാണാൻ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന് ചുറ്റും ജനങ്ങൾ തടിച്ചുകൂടി. പ്രതി മണികണ്ഠന്റെയും സന്തോഷിന്റേയും ബന്ധുക്കൾ സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തി.
ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തമിഴ് നാട്ടിലോ കേരളത്തിലോ അദ്ദേഹത്തിന്റെ പേരിൽ ഒരു കേസും ഇല്ല. കഴിഞ്ഞ മൂന്ന് ദിവസം മുൻപാണ് തൻ കേരളത്തിൽ എത്തിയതെന്നും മണികണ്ഠന്റെ ഭാര്യപറഞ്ഞു. സന്തോഷ് സെൽവത്തെ തനിക്ക് അറിയിലെന്നും അവർ വ്യക്തമാക്കി.
ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയതും സന്തോഷ് ശെൽവവും മണികണ്ഠനും അടങ്ങുന്ന സംഘമെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.
രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പിൽ നിന്നും സാഹസികമായി പിടികൂടിയത്. മണ്ണഞ്ചേരിയിലെത്തി കവർച്ച നടത്തിയത് സന്തോഷായിരുന്നുവെന്ന് പൊലീസ് പറയുന്നു.