ഭോപ്പാൽ: എസ്പിയുടെ യൂണിഫോമിട്ട് കറങ്ങിനടന്ന യുവതി പോലീസ് പിടിയിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ശിവാനി ചൗഹാൻ എന്ന ഇരുപത്തെട്ടുകാരിയാണ് പിടിയിലായത്. രോഗിയായ അമ്മയെ സന്തോഷിപ്പിക്കാനായിരുന്നു യുവതി എസ്പിയുടെ വേഷംകെട്ടിയതെന്ന് പോലീസ് പറഞ്ഞു. തൊഴിൽരഹിതയാണ് ശിവാനി.
യൂണിഫോം ധരിച്ച് നടക്കുന്ന യുവതിയുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയതോടെയാണ് ഇവരെ പോലീസ് പിടികൂടി ചോദ്യംചെയ്തത്. നഗരത്തിലെ പുതിയ മാർക്കറ്റ് പരിസരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് യുവതിയെ പോലീസ് കണ്ടെത്തിയത്. യൂണിഫോമിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപെട്ട കോൺസ്റ്റബിൾ അപ്പോൾ തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് യുവതിയെ സംബന്ധിച്ച വിവരം അറിയിച്ചു
തുടർന്ന് പോലീസ് പിടികൂടി ചോദ്യംചെയ്തതോടെയാണ് രോഗിയായ അമ്മയെ സന്തോഷിപ്പിക്കാൻ തനിക്ക് പോലീസ് സേനയിൽ ജോലികിട്ടിതായി അഭിനയിച്ചതെന്ന് യുവതി പറഞ്ഞത്. തുടർന്ന് ഭാരതീയ ന്യായ സംഹിതയുടെ 205-ാം വകുപ്പ് പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.