മലബാറുകാർ ഇനി കടയിൽ നിന്നും പോത്തിറച്ചി വാങ്ങുന്നതിനു മുൻപ് ഒന്നല്ല, ഒരു നൂറുവട്ടം ആലോചിക്കും. അത്രയ്ക്ക് വലിയ വില വർധനയാണ് വരുന്നത്. മലബാറിൽ മാത്രമല്ല, സംസ്ഥാനത്ത് മുഴുവൻ നോൺവെജ് വിഭവങ്ങളോടുള്ള പ്രിയം ആളുകൾ തൽക്കാലത്തേക്ക് മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. അത്രകണ്ടാണ് മത്സ്യ മാംസാദികളുടെ വില കുതിച്ചുയരുന്നത്. ഉയർന്ന വില നൽകിയാലും സാധനം കിട്ടാനില്ലാത്ത അവസ്ഥയാണ്. കടുത്ത വേനലിൽ കടലിൽ ചൂടു ഉയർന്നതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ തീരം വിട്ടകന്നു. ഇതോടെ മത്സ്യവിപണിയിൽ പൊള്ളുന്ന വിലയാണ്. സാധാരണക്കാരൻ ഏറ്റവും കൂടുതൽ വാങ്ങുന്ന മത്തിക്ക് കഴിഞ്ഞയാഴ്ച 260 രൂപയാണ് വില. അതും ദിവസങ്ങളോളം പഴക്കമുള്ള മത്സ്യമാണ് ലഭിക്കുന്നത്. അയലക്ക് 300 മുതൽ 350 രൂപ വരെ നൽകണം. അയക്കൂറ പോലെയുള്ള വലിയ മത്സ്യങ്ങൾക്ക് ആയിരത്തിനു മുകളിലായി വില. അടുത്തമാസം ട്രോളിംഗ് കൂടി നിലവിൽ വരുന്നതോടെ സ്ഥിതി ഇതിലും ഗുരുതരമാകും.
മീനിന്റെ അവസ്ഥ ഇതാണെങ്കിൽ അതിലും ദയനീയമാണ് ചിക്കന്റെയും ബീഫിന്റെയും കാര്യം. നിലവിൽ 270 നടുത്താണ് കോഴി വില. ചൂടു കൂടിയതോടെ കോഴിയുടെ തൂക്കവും വരവും കുറഞ്ഞു. കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തു പോകുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. ഇതിനിടയിൽ മലബാർ മേഖലയിൽ പോത്തിറച്ചിയുടെ വില വർദ്ധന ഇന്നലെ മുതൽ നിലവിൽ വന്നു. 300 മുതൽ 400 രൂപ വരെയാണ് തരാതരം പോലെ പല സ്ഥലങ്ങളിൽ പോത്തിറച്ചിക്ക് വാങ്ങുന്നത്. കോഴിക്കോട് ഇപ്പോൾ പോത്തിറച്ചി വില 400 രൂപ കടന്നു. വടക്കൻ ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ഇതോടെ മലബാർകാർ പോത്തിറച്ചി തീൻമേശയിൽ നിന്നും പാടെ ഒഴിവാക്കേണ്ട സ്ഥിതിയാണ്. പച്ചക്കറിക്കും തീപിടിച്ച വിലയായതോടെ അടുക്കള എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്ന ആശങ്കയിലാണ് വീട്ടമ്മമാർ.