കൊച്ചി: മണിക്കൂറുകളോളം വീട്ടില്‍ പൂട്ടിയിട്ട് അമ്മയെ മകന്‍ വെട്ടിക്കൊന്നു. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്‌ലാറ്റില്‍ താമസിക്കുന്ന കാഞ്ഞിരമറ്റം വേലില്‍ അച്ചാമ്മ ഏബ്രഹാം (77) ആണു മരിച്ചത്. സംഭവത്തില്‍ മകന്‍ വിനോദ് ഏബ്രഹാമിനെ(52) മരട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വഷളാകാന്‍ കാരണം മരട് പൊലീസിന്റെ അനാസ്ഥയാണെന്നു മരട് നഗരസഭാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പില്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ഷീജ സാന്‍കുമാര്‍ എന്നിവര്‍ ആരോപിച്ചു.
രാവിലെ മുതല്‍ മകന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയല്‍വാസിയെ അച്ചാമ്മ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. ഡിവിഷന്‍ കൗണ്‍സിലര്‍ വിളിച്ചു പറഞ്ഞതുപ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ല. ഇവിടെ പ്രശ്‌നം ഒന്നുമില്ലെന്നു വിനോദ് പറഞ്ഞത് വിശ്വസിച്ച് പൊലീസ് മടങ്ങി. വൈകിട്ടായതോടെ വീടിനുള്ളില്‍നിന്നു കരച്ചിലും സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതുമായ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. കൗണ്‍സിലര്‍ വീണ്ടും അറിയിച്ചതനുസരിച്ച് പൊലീസ് വീണ്ടുമെത്തിയെങ്കിലും വീട് തുറക്കാനായില്ല.
വീട് തുറക്കണമെങ്കില്‍ രേഖാമൂലം എഴുതിത്തരണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഉടന്‍ എഴുതി നല്‍കി. വാതില്‍ അകത്തുനിന്നു ബലമായി അടച്ചിട്ടിരുന്നതിനാല്‍ അഗ്‌നിരക്ഷാസേനയുടെ സഹായം പൊലീസ് തേടി. രാത്രി എട്ടോടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് അരും കൊല കണ്ടത്. അക്രമാസക്തനായിരുന്ന വിനോദിനെ പണിപ്പെട്ടാണു കീഴ്‌പ്പെടുത്തിയത്. അകത്തെ മുറിയില്‍ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ. മുഖവും രഹസ്യഭാഗങ്ങളും വെട്ടി നശിപ്പിച്ചു. വിനോദിനെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി.