തിരുവനന്തപുരം: ശബരി റെയിൽപ്പാത നിർമാണത്തിനായി കേന്ദ്രവും സംസ്ഥാനവും റിസർവ്ബാങ്കുമായി ഒപ്പിടേണ്ട ത്രികക്ഷി കരാറിന്റെ കരട് റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാരിന് കൈമാറി.
3800.94 കോടിയാണ് നിർമ്മാണച്ചെലവ്. ഇതിൽ 1900.47 കോടിയാണ് കേരളം മുടക്കേണ്ടത്. ഈ തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
പദ്ധതിച്ചെലവ് വഹിക്കാമെന്ന് കേരളം ധാരണയിലെത്തിയെങ്കിലും 2018-ൽ ഇതിൽനിന്ന് പിന്മാറിയിരുന്നു. എന്നാൽ, നിലപാട് മാറ്റിയ കേരളം ചെലവ് വഹിക്കാമെന്ന് 2021-ൽ അറിയിച്ചു.
രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് റെയിൽവേ ആവശ്യപ്പെട്ടത് ഇത്തരം അനുഭവം മുൻനിർത്തിയാണ് എന്ന് റെയിൽവേ പറയുന്നു.
ശബരിമല തീർഥാടകർക്കായി വിഭാവനം ചെയ്ത 111 കിലോമീറ്റർ പാത മൂന്നു ജില്ലകളിലെ ജനങ്ങൾക്ക് ഉപകരിക്കും .
സംസ്ഥാനം സമയത്ത് പണം നൽകിയില്ലെങ്കിൽ കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്ന വിഹിതത്തിൽ തുക കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേയ്ക്ക് നൽകും. ഇതിനാണ് കേരളം കരാറൊപ്പിടേണ്ടത്.
അതേസമയം, സംസ്ഥാന വിഹിതമായ 1900കോടി കിഫ്ബിയിൽ നിന്ന് സമാഹരിച്ചാൽ അത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ഒഴിവാക്കണമെന്ന് റെയിൽവേ നിർദ്ദേശിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
മഹാരാഷ്ട്രയിലെ റെയിൽവേ പദ്ധതികൾക്കായുണ്ടാക്കിയ ത്രികക്ഷി കരാറിന്റെ കരടാണ് സംസ്ഥാനത്തിന് കൈമാറിയത്. ഇവിടെ ഇതുപോലെ കരാറുണ്ടാക്കിയശേഷം മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെ ഒപ്പിടണം. കരാറുണ്ടാക്കുന്നത് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ത്രികക്ഷി കരാറിന് തയ്യാറെന്ന് കേന്ദ്രത്തെ കത്തിലൂടെ അറിയിക്കും.
ശബരി പദ്ധതി
പ്രഖ്യാപിച്ചത് 1997-98 ൽ
ആകെ നീളം – 111 കിലോ മീറ്റർ
സ്റ്റേഷനുകൾ – 14
കടന്നുപോകുന്ന ജില്ലകൾ – 3
പൂർത്തിയായത് – ഏഴ് കിലോമീറ്റർ ട്രാക്ക്, കാലടി സ്റ്റേഷൻ, പെരിയാറിലെ പാലം.
മരവിപ്പിച്ചത് – 2019-ൽ
പദ്ധതിയും തുകയും
ശബരി പദ്ധതിക്ക് കഴിഞ്ഞ നാലുവർഷം അനുവദിച്ച തുക:
2019-20 – ഒരു കോടി
2020-21 – 1000 രൂപ
2021-22 – 1000 രൂപ
2022-23 – 1000 രൂപ
2023-24 – 100 കോടി
2024-25 – 100 കോടി