കോട്ടയം : കൂട്ടമായി ജീവിക്കുന്ന കടന്നൽ, തേനീച്ച പോലുള്ള ഷഡ്പദങ്ങൾ തങ്ങളുടെ വാസസ്ഥലത്തെ സംരക്ഷിക്കാനായി മാത്രം ശത്രുക്കളെ ആക്രമിക്കുന്നവരാണ്.
തീക്ഷ്ണമായ ഗന്ധം, വർണം, ശബ്ദം തുടങ്ങിയവയൊക്കെ ഇവയെ ഭയപ്പെടുത്തുകയും അക്രമസാക്തരാക്കുകയും ചെയ്യുന്നു. കൊമ്പ് പോലുള്ള അവയവം വച്ചാണ് ഇവ ശത്രുക്കളെ ആക്രമിക്കുന്നത്. കുത്തുന്നതോടെ തേനീച്ച മരണമടയുന്നു. എന്നാൽ കടന്നലുകൾ അങ്ങനെയല്ല.
കടന്നൽ കുത്തേറ്റാൽ മരിക്കുമോയെന്ന സംശയം പലർക്കുമുണ്ട്. പലതരം എൻസൈമുകളുടെയും അമൈനുകളുടെയും ടോക്സിക്കായ പെപ്റ്റൈഡുകളുടെയും മിശ്രിതമാണ് ഇവയുടെ വിഷം.
കടന്നൽ കുത്തുകൾക്ക് ഒരാളെ കൊല്ലാനുള്ള കെൽപ്പുണ്ട്. കുത്തുകളുടെ എണ്ണം അനുസരിച്ചിരിക്കും ഓരോരുത്തരുടെയും ശരീരത്തിൽ ഈ വിഷം പ്രവർത്തിക്കുന്നത്.
ഗുരുതരമായ അലർജി പ്രശ്നമുള്ളവരെ കടന്നൽ കുത്തിയാൽ ആരോഗ്യസ്ഥിതി വഷളാകാൻ സാധ്യതയുണ്ട്.
ജനങ്ങൾക്ക് ഭീഷണി ഉയർത്തി കൂടുകൂട്ടിയിരിക്കുന്ന കടന്നലുകളെയും, തേനീച്ചകളെയും പിടിക്കാൻ പരിശീലനം നേടിയവരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
പാമ്പുകളെ പിടികൂടുന്നത് പോലെ കടന്നലുകളെ തുരത്താൻ വനംവകുപ്പിന് റെസ്ക്യൂ ടീമില്ല. മലയോരമേഖലയിൽ ഉൾപ്പെടെ ഇവയുടെ ശല്യത്താൽ പൊറുതിമുട്ടുകയാണ് ജനം.
മുൻവർഷങ്ങളിലും തേനീച്ചയുടെയും, കടന്നലുകളുടെയും ആക്രമണത്തിൽ പരിക്കേൽക്കുന്ന സംഭവം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമാണ്.
എരുമേലി, മുണ്ടക്കയം, ഏന്തയാർ പ്രദേശങ്ങളിൽ വലിയ കെട്ടിടങ്ങളിലും മരങ്ങളിലും പാലങ്ങളുടെ അടിയിലുമായി ഇവ കൂട്ടമായി കൂടുകൂട്ടിയിരിക്കുകയാണ്.
ഇതിനിടയിലാണ് എരുമേലിയിലെ ദുരന്തം. നിനച്ചിരിക്കാത്ത നേരത്താണ് ഇവയുടെ ആക്രമണം. ഇതുവരെ തേനീച്ചയുടേയും കടന്നലുകളുടേയും ആക്രമണത്തിൽ 103 പേർക്കാണ് പരിക്കേറ്റത്.
ശാന്തരായി കഴിയുന്ന ഇവയെ പലപ്പോഴും പരുന്ത്, കാക്കകൾ തുടങ്ങിയവ ശല്യം ചെയ്യുമ്പോഴാണ് ആക്രമണകാരികളാകുന്നത്. ദേഷ്യം മുഴുവൻ സമീപത്ത് കാണുന്ന മനുഷ്യരോടും മൃഗങ്ങളോടുമാണ് തീർക്കുക.
അപകടകാരികളായ തേനീച്ചകളുടെയും കടന്നലുകളുടെയും ശല്യം ശ്രദ്ധയിൽപ്പെട്ട് നിരവധിപ്പേർ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്ന് ബന്ധപ്പെടാറുണ്ടെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ സ്വകാര്യ ട്രെയിനറെ ബന്ധപ്പെടാൻ അറിയിക്കുകയാണ് ചെയ്യുന്നത്.
5000 രൂപ മുതലാണ് ഇവരുടെ സർവീസ് ചാർജ്. കൂടാതെ വാഹനത്തിൽ കൊണ്ടുവരണം. കടന്നലുകൾ ഇളകിയാൽ പ്രദേശം മുഴുവൻ വ്യാപകമാകും. പുകശല്യം ഏറിയാലും സ്ഥിതി ഗുരുതരമാകും. കുത്തേൽക്കുന്നത് മരണത്തിനും ഇടയാക്കും. പ്രതിരോധ കുത്തിവയ്പ്പാണ് രക്ഷാമാർഗം.