കാലിക്കുപ്പികൾ ശേഖരിക്കാൻ ബെവ്കോ
തിരുവനന്തപുരം: കുടിച്ചശേഷം വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ ബിവറേജസ് കേർപ്പറേഷൻ. കുപ്പി നിക്ഷേപിക്കാൻ ഔട്ട്ലെറ്റുകൾക്ക് സമീപം ബാസ്കറ്റ് സ്ഥാപിക്കാനാണ് ഇപ്പോഴത്തെ ആലോചന.
ഇങ്ങനെ ശേഖരിക്കുന്ന കുപ്പികൾ ക്ലീൻ കേരള കമ്പനിക്ക് നൽകും. പദ്ധതി സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും ഒരുമാസത്തിനകം തീരുമാനമുണ്ടാകുമെന്നുമാണ് സൂചന.
സംസ്ഥാനത്തെ മുഴുവൻ ഔട്ട്ലെറ്റുകളിലും ഇതിനായി ബാസ്‌ക്കറ്റ് സൗകര്യം ഒരുക്കും. ആഴ്ചയിലോ മാസത്തിലോ കൃത്യമായ ഇടവേളകളിൽ ഈ മദ്യക്കുപ്പികൾ കമ്പനി ശേഖരിക്കും.
പ്ലാസ്റ്റിക് കുപ്പികളാണ് ശേഖരിക്കുക,
ബെവ്കോയുടെ 284 ഔട്ട്‌ലെറ്റുകളിലൂടെ പ്രതിവർഷം 51 കോടി കുപ്പി മദ്യമാണ് ശരാശരി വിൽക്കുന്നത്. ഉപയോഗശേഷം കുപ്പികൾ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുന്നതിനാണ് നടപടി.
ബോട്ടിലുകൾ നീക്കം ചെയ്യാൻ ചെറിയ തുക ബെവ്‌കോ നൽകേണ്ടി വരും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ല.
ഫുൾ അടിച്ച് ജലാശയങ്ങൾ ഫുൾ ആക്കുന്ന കേരളം; ടാസ്മാക്കുകൾ ഒഴിഞ്ഞ മദ്യക്കുപ്പികൾ വിറ്റ് നേടുന്നത് 250 കോടി; ബിവറേജസ് കോർപ്പറേഷനോ?
കോട്ടയം: പ്രതിവർഷം 56 കോടി കുപ്പികളിലാണു സംസ്ഥാനത്ത് വിൽക്കുന്നതെന്നാണു കണക്ക്.
ഇതിൽ 65 ശതമാനം പ്ലാസ്റ്റിക് കുപ്പികളാണ്. 15 ശതമാനം ചില്ല് കുപ്പി, 20 ശതമാനം ബിയർ കുപ്പികളും വിൽക്കുന്നുണ്ട്.
എന്നാൽ, ഇവയിൽ നല്ലൊരു ശതമാനവും മദ്യപിച്ച ശേഷം റോഡിലേക്കോ, തോടുകളിലേക്കോ വലിച്ചെറിയുന്നതാണു പതിവ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹരിതകേരള മിഷൻ സഹായത്തോടെ പ്ലാസ്റ്റിക് കുപ്പി ശേഖരണം നടത്തുന്നതിനാൽ,
സ്വന്തം നിലയ്ക്കുള്ള പ്ലാസ്റ്റിക് കുപ്പി നിർമ്മാർജ്ജനം പരിഗണനയില്ലെന്നാണു ബീവറേജസ് കോർപ്പറേഷൻ നിലപാട്
എന്നാൽ, ഹരിതകേരള മിഷൻ സഹായത്തോടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഇവ ഉൾപ്പെടാറില്ലെന്നു മാത്രം.
ഭൂരിഭാഗം മലയാളികളും വീട്ടിലിരുന്ന മദ്യപിക്കാൻ താൽപ്പര്യം കാണിക്കാറില്ലെന്നതാണ് ഇതിനു കാരണം.
പുറത്തുവെച്ചു മദ്യപിച്ച ശേഷം കുപ്പിയും അവിടെ തന്നെ ഉപേക്ഷിച്ചു മടങ്ങുന്നവരാണ് അധികവും. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതിന് ഉദാഹരണമാണ്.
മുൻപു പ്ലാസ്റ്റിക് മാലിന്യം കൊണ്ടുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൺ മദ്യക്കമ്പനികൾ ചില്ലുകുപ്പികളിൽ മദ്യം നൽകണമെന്ന നിലപാട് ബീവറേജസ് കോർപ്പറേഷൻ സ്വീകരിച്ചിരുന്നു.
എന്നാൽ, മദ്യ കമ്പനികൾ ആവശ്യം അംഗീകരിക്കാൻ തയ്യാറാവാതെ വന്നതോടെ ബിവറേജസ് കോർപ്പറേഷൻ ഈ നീക്കത്തിൽ നിന്നു പിൻവലിഞ്ഞിരുന്നു.
മദ്യം വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു പുനരുപയോഗത്തിനു നൽകാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. രണ്ടു തീരുമാനങ്ങളും നടപ്പാക്കുന്നതു പ്രായോഗികമല്ലെന്നാണു കോർപ്പറേഷന്റെ നിലപാട്.
ചില്ലറ വിൽപന ശാലകളിലൂടെ വിനിമയംചെയ്യുന്ന കുപ്പികളാണു മാലിന്യപ്രശ്‌നമുണ്ടാക്കുന്നത്. ശുചിത്വ മിഷനുമായി സഹകരിച്ചു കുടുംബശ്രീ സഹായത്തോടെ ഉപയോഗശൂന്യമായ കുപ്പികൾ ശേഖരിച്ചു പുനരുപയോഗ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനുള്ള ചർച്ച ബെവ്‌കോ നടത്തിയിരുന്നു.
സാമ്പത്തിക ബാധ്യതയും കുപ്പികൾ ശേഖരിച്ചു സൂക്ഷിക്കാനുള്ള അസൗകര്യവും കാരണം പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇതോടെ എല്ലാം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഹരിത കർമ്മ സേനയും നോക്കിക്കോളുമെന്ന നിലപാട് ബീവറേജസ് കോർപ്പറേഷൻ എടുത്തത്.
അതേസമയം, അയൽ സംസ്ഥാനമായ തമിഴ്‌നാടാകട്ടെ മദ്യക്കുപ്പിയിൽ 250 കോടിയുടെ വരുമാനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങാണു നടത്തുന്നത്.
സംസ്ഥാന സർക്കാരിനു കീഴിലുള്ള വിദേശമദ്യ വിൽപ്പനശാലയായ ടാസ്മാക്കുകൾ ആണ് ഒഴിഞ്ഞ കുപ്പികൾ തിരികെ സ്വീകരിക്കുന്നത്.
തിരിച്ചെടുക്കുന്ന കുപ്പി ഒന്നിനു പത്തു രൂപ വീതമാണു നൽകുക.
പ്രതിദിനം 70 ലക്ഷം കുപ്പി മദ്യമാണു തമിഴ്‌നാട്ടിൽ വിൽക്കുന്നത്. ഇത്തരത്തിൽ കുപ്പികൾ തിരിച്ചെടുക്കുന്നതിലൂടെ 250 കോടി രൂപയുടെ ലാഭമാണു സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
ഇതെല്ലാം കേരളത്തിനു മാതൃകയാക്കാവുന്നതാണെങ്കിലും നടപ്പാക്കില്ലെന്നു മാത്രം.
English SUmmary:
The Kerala State Beverages Corporation is planning to collect used liquor bottles discarded by consumers. Baskets will be placed near outlets for customers to deposit empty bottles. The collected bottles will be handed over to the Clean Kerala Company. Preliminary discussions have been completed, and a final decision is expected within a month.