ഐപിഎല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ടി 20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കരുത്തുതെളിയിക്കാൻ വമ്പന്മാർ ഏറ്റുമുട്ടുമ്പോൾ എതിരാളികൾ കുറച്ചൊന്നു ഭയപ്പെടുന്നത് ഓസ്‌ട്രേലിയയെ ആവും എന്നതിൽ സംശയമില്ല. ലോകകപ്പിൽ ഇന്ത്യയുടെ കണ്ണീരു വീഴ്ത്തി ഇന്ത്യൻ മണ്ണിൽ നിന്നും കിരീടം ചൂടി മടങ്ങിയ ഓസ്‌ട്രേലിയൻ ടീമിൽ വജ്രായുധങ്ങൾ നിരവധിയാണ്. ഐപിഎല്ലിൽ ബൗളിങ്ങിലും ബാറ്റിംഗിലും കരുത്തു തെളിയിക്കുന്ന ഓസ്‌ട്രേലിയൻ താരങ്ങൾ ഒത്തുചേരുമ്പോൾ പൊടിപൂരം തന്നെ ടി 20 ലോകകപ്പിൽ അരങ്ങേറും.
ആരാധകർ ‘ഹൾക്ക്’ എന്ന് ആവേശത്തോടെ വിളിക്കുന്ന മാർകസ് സ്റ്റോയ്നിസ് ടി 20 ലോകകപ്പിലെത്തുമ്പോൾ എതിരാളികളുടെ മുട്ടിടിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. അതിനൊരു കാരണവുമുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ താരം അടിച്ചു കൂട്ടിയത് 124 റൺസാണ്. അതും വെറും 63 പന്തിൽ ആണെന്ന കാര്യം ഓർക്കണം. ‘ഹൾക്ക്’ മാത്രമല്ല, തോറിനെ പോലെ ബാറ്റിൽ നിന്നു മിന്നൽപിണർ ഉതിർക്കുന്ന ജേക്ക് ഫ്രേസർ, അയൺമാൻ ശൈലിയിൽ മാച്ച് വിന്നറായി തുടരുന്ന ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ അമേരിക്കയെപ്പോലെ മുന്നിൽ നിന്നു നയിക്കുന്ന ഹൈദരാബാദ് നായകൻ പാറ്റ് കമിൻസ് എന്നിങ്ങനെ നീളുന്നതാണ് ഓസ്ട്രേലിയയുടെ താരനിര. ഇവരുടെ കൂടെ ഗ്ലെൻ മാക്സ്‍വെലും കാമറൂൺ ഗ്രീനും മിച്ചൽ സ്റ്റാർക്കും കൂടി ചേർന്നാൽ കളത്തിൽ എതിരാളികളെ കാത്തിരിക്കുന്ന കളികളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല .
ടി 20 ലോകകപ്പിനുള്ള ഓസീസ് ടീമിൽ ഓപ്പണർ റോളിൽ ട്രാവിസ് ഹെഡിന്റെ സ്ഥാനം ഉറപ്പാണ്. 8 മത്സരങ്ങളിൽ 42 റൺസ് ശരാശരിയിൽ 338 റൺസ് നേടിയ ഹെഡിന്റെ സ്ട്രൈക്ക് റേറ്റ് 211 ആണ്. ഡൽഹിയുടെ വെടിക്കെട്ട് ഓപ്പണർ ജേക്ക് ഫ്രേസർ ആകും ഹെഡിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. 6 കളികളിൽ നിന്ന് 233 സ്ട്രൈക്ക് റേറ്റിൽ 259 റൺസ് ആണ് ഫ്രേസറിന്റെ സമ്പാദ്യം.
ഫിനിഷർ റോളിൽ മാർകസ് സ്റ്റോയ്നിസ് എത്തുമെന്നതും ഏറെക്കുറെ ഉറപ്പാണ്. 9 കളികളിൽ ഒരു സെഞ്ചറി അടക്കം 254 റൺസും 5 വിക്കറ്റുമാണ് സ്റ്റോയ്നിസ് നേടിയത്. ബെംഗളൂരുവിന്റെ കാമറൂൺ ഗ്രീനും മുംബൈയുടെ ഫിനിഷർ ടിം ഡേവിഡും ഓൾറൗണ്ടർമാരായി ടീമിലുണ്ടാകും. ഐപിഎലിൽ തിളങ്ങാനായില്ലെങ്കിലും ഗ്ലെൻ മാക്സ്‍വെൽ, മിച്ചൽ മാർഷ് തുടങ്ങിയവർ കൂടി വന്നാൽ ബാറ്റിങ് നിര ഡബിൾ സ്ട്രോങ്. വിരമിച്ചെങ്കിലും ട്വന്റി20 ലോകകപ്പ് ടീമിൽ കളിക്കാൻ സന്നദ്ധനാണെന്നു ഡേവിഡ് വാർണറും വ്യക്തമാക്കിയിരുന്നു.
ബോളിങ് ക്യാപ്റ്റൻ സ്ഥാനം നായകൻ പാറ്റ് കമിൻസിനു തന്നെയാകും എന്ന കാര്യത്തിലും സംശയമില്ല. കമിൻസിനൊപ്പം ഗുജറാത്ത് ടൈറ്റൻസ് പേസർ സ്പെൻസർ ജോൺസണും ടീമിലെത്തിയേക്കും. ഐപിഎലിൽ പ്രതീക്ഷിച്ച ഫോമിലേക്ക് എത്തിയിട്ടില്ലെങ്കിലും പേസർ മിച്ചൽ സ്റ്റാർക്കും ടീമിൽ ഉൾപ്പെട്ടേക്കും.