ഒടുവിൽ യു പ്രതിഭ എംഎൽഎ പറഞ്ഞതുപോലെ തന്നെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. എംഎൽഎയുടെ മകൻ കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് തന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് യു.പ്രതിഭ എംഎൽഎയുടെ മകനടക്കം ഒമ്പത് പേരെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.ജയരാജും സംഘവും കുട്ടനാട് തകഴി ആറാം വാർഡിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാളുടെ പക്കൽ നിന്ന് മൂന്നുഗ്രാം കഞ്ചാവ് പിടിച്ചെടുത്തു എന്നാണ് കേസ്. കൂട്ടത്തോടെ വലിക്കാൻ ഉപയോഗിക്കാൻ പ്ലാസ്റ്റിക് കുപ്പിയിൽ ഉണ്ടാക്കിയെടുത്ത ബോങ് എന്ന് വിളിക്കുന്ന ഒരു സാധനവും, പച്ച പപ്പായത്തണ്ടും ആണ് പിടിച്ചെടുത്തതെന്നാണ്എക്സൈസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകളിലാണ് കേസ് എടുത്തത്. ഇതിൽ തന്നെ പ്രധാനം ലഹരി ഉപയോഗിച്ചു എന്നതിനുള്ള എൻഡിപിഎസ് ആക്ടിലെ 27(b) വകുപ്പാണ്. എന്നാൽ വളരെ ചെറിയ അളവിൽ മാത്രമേ കഞ്ചാവ് പിടികൂടിയിട്ടുള്ളൂ എന്നതിനാൽ തന്നെ ഇത് ന്യായവുമാണ്. ഇതുവരെ എല്ലാം ശരിയാണ്. പിന്നീടാണ് കേസ് കൈവിട്ടുപോയത്. കാരണം ഒരാൾ ലഹരി ഉപയോഗിച്ചു എന്ന് തെളിയിക്കാൻ ഏറ്റവും അത്യാവശ്യം വേണ്ട വൈദ്യപരിശോധന ഈ കേസിൽ നടത്തിയില്ല എന്നതാണ് സത്യം.
സംഘത്തിലെ ഓരോരുത്തരുടെയും മുടി, മൂത്രം, രക്തം എന്നിവ ശേഖരിച്ചാണ് പരിശോധനക്ക് അയക്കേണ്ടതാണ്, പക്ഷെ ഈ കേസിൽ അത് ഉണ്ടായില്ല. സർക്കിൾ റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകിയ എക്സൈസ് സംഘത്തിന് ഇത് അറിയാത്ത കാര്യമല്ലെന്ന് ഉറപ്പാണ്. അപ്പോൾ പിന്നെ ശാസ്ത്രീയ പരിശോധന ഒഴിവാക്കിയത് എന്തിനെന്ന കാര്യങ്ങൾ വ്യക്തമാണല്ലോ? യഥാർത്ഥത്തിൽ എക്സൈസ് സംഘം കനിവിനെയും സുഹൃത്തുക്കളെയും സഹായിച്ചിട്ടേയുള്ളൂ എന്ന് വേണമെങ്കിൽ പരയാം. അവരെ ഒരുവിധത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും പറയാം.
വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ ആണ് യു.പ്രതിഭയും രോഷം പ്രകടിപ്പിച്ചത്. ചാനലുകളെയും റിപ്പോർട്ടർമാരെയും പേരെടുത്ത് പരാമർശിച്ച് തന്നെയായിരുന്നു ഓരോ വട്ടവും പ്രതിഭ ഫെയ്സ്ബുക്ക് ലൈവിൽ വന്നത്. താൻ വീട്ടിൽ തന്നെയുണ്ടെന്നും, ഇല്ലാക്കഥ പ്രചരിപ്പിച്ചവർക്ക് എന്തുകിട്ടിയെന്നും ചോദിച്ചാണ് മകൻ കനിവും അന്ന് രാത്രി എഫ്ബി ലൈവിലെത്തിയത്.
അതേസമയം പിഴയടച്ച് തീർക്കാവുന്ന കേസിൽ ഒരു 21കാരനോടും കുടുംബത്തോടും സ്വീകരിക്കേണ്ട സമീപനമല്ല മാധ്യമങ്ങൾ പ്രതിഭയുടെയും കുടുംബത്തിൻ്റെയും കാര്യത്തിൽ എടുത്തത്. തൊട്ടുപിന്നാലെ ഡെപ്യൂട്ടി കമ്മിഷണറുടെ സ്ഥലംമാറ്റം ഉണ്ടായപ്പോൾ പ്രതികാര നടപടിയാണെന്ന പേരിൽ അതിൻ്റെ പഴിയും, പ്രതിഭയും കനിവും പഴി കേൾക്കേണ്ടിവന്നു. അറസ്റ്റ് ചെയ്തവരും, കേസ് എടുത്തവരും പരുക്കില്ലാതെ അവിടെ തന്നെ തുടരുമ്പോൾ, രണ്ടുറാങ്ക് മുകളിലുള്ളയാളുടെ കാര്യത്തിൽ എങ്ങനെ നടപടി വരുമെന്ന സാമാന്യയുക്തി പോലും ഒരു റിപ്പോർട്ടറും പരിഗണിച്ചില്ല. ശരിക്കും പറഞ്ഞാൽ വ്യാജമദ്യലോബി മുമ്പേ നടത്തിയ കരുനീക്കത്തിലാണ് ആ ഉദ്യോഗസ്ഥൻ മലപ്പുറത്തേക്ക് തെറിച്ചത്.
ബോധപൂർവമോ അല്ലാതെയോ, എക്സൈസ് തിരിച്ചടി ചോദിച്ചുവാങ്ങിയെന്ന് കരുതാവുന്ന മറ്റൊന്ന് കൂടിയുണ്ട് ഈ കേസിൽ. പ്രാഥമിക റിപ്പോർട്ട് പ്രകാരം കനിവിനേയും കൂട്ടുകാരെയും പിടികൂടി അറസ്റ്റ് ചെയ്യുന്നത് ഉച്ചക്ക് 1.10നാണ്. എന്നാൽ കേസ് റജിസ്റ്റർ ചെയ്തതായി കാണിച്ചിരിക്കുന്നത് രാത്രി 12:21നാണ്. അതായത് അടുത്ത ദിവസം. 29ാം തീയതി എന്ന് തന്നെയാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഒരുമണിക്ക് പിടികൂടിയ പ്രതികളുടെ കാര്യത്തിൽ സകല എഴുത്തുകുത്തുകളും പൂർത്തിയാക്കി പരമാവധി മൂന്നുമണിക്കോ നാലിനോ എങ്കിലും റജിസ്റ്റർ ചെയ്യാവുന്ന കേസ് 11 മണിക്കൂറിലേറെയാണ് നീണ്ടത് എന്തിനാണെന്ന് കോടതിയിൽ ചോദ്യം വന്നേക്കും. വൈദ്യപരിശോധന കൂടി നടത്തിയെങ്കിൽ പോലും ഇത്ര വൈകേണ്ട കാര്യമില്ലായിരുന്നു എന്നാണ് വിദഗ്ദർ പറയുന്നത്.
കേസ് ചെറുതാണെങ്കിലും ലഹരി ഉപയോഗം പോലെയുള്ള ഇത്തരം വിഷയങ്ങളിൽ പ്രതികൾ കുറ്റം നിഷേധിച്ചാൽ ഈ കാലതാമസവും കോടതിയിൽ ഉദ്യോഗസ്ഥർ വിശദീകരിക്കേണ്ടി വരും. എന്നാൽ ഇതൊന്നും ഉണ്ടാകില്ലെന്നും, ലഹരി ഉപയോഗിച്ചെന്ന് കനിവ് അടക്കം പ്രതികൾ സമ്മതിച്ചിട്ടുണ്ട് എന്നുമാണ് കേസെടുത്ത ഉദ്യോഗസ്ഥരുടെ ന്യായം.