തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.
അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.
സൗരാഷ്ട്ര – കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായാണ് പുതിയ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്.
തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
അടുത്ത 48 മണിക്കൂറിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തീരദേശ ബംഗ്ലാദേശ് – പശ്ചിമ ബംഗാളിനും മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പിൽ പറയുന്നു.
ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
English Summary :
The India Meteorological Department has forecast that rain will continue in the state for another five days. The renewed intensity of rainfall in Kerala is due to the formation of a new low-pressure area over the Arabian Sea