പുൽപ്പള്ളി: വീടുനിറയെ ചിതൽപുറ്റുകൾ നിറഞ്ഞതോടെ കിടപ്പാടമില്ലാതായത് ആദിവാസി കുടുംബത്തിന്. വനഗ്രാമമായ ചേകാടി കട്ടക്കണ്ടി കോളനിയിലെ ബിന്ദുവിന്റെ വീട്ടിലാണ് അനുദിനം ചിതൽപുറ്റുകൾ രൂപംകൊണ്ടിരിക്കുന്നത്. വീട്ടിൽ വലിയ ചിതൽപ്പുറ്റുകൾ വന്നത് ദൈവിക സാന്നിദ്ധ്യമുള്ളതിനാലാണെന്ന വിശ്വാസത്തിലാണ് കോളനിക്കാർ. ഇതിനാൽ വിശേഷ ദിവസങ്ങളിൽ ബിന്ദുവിന്റെ വീട്ടിലെ ചിതൽപുറ്റുകൾക്ക് മുന്നിൽ കോളനിവാസികൾ വിളക്ക് തെളിയിച്ച് പൂജകൾ നടത്തിവരുന്നുണ്ട്. പഞ്ചായത്ത് നിർമിച്ചു നൽകിയ മാരയുടെ വീട് കാലപ്പഴക്കത്താൽ തകർച്ചയുടെ വക്കിലാണ്.
വീടിന്റെ വരാന്തയിലും ഹാളിലുമെല്ലാം നിറയെ ചിതൽപുറ്റുകളായി. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് നിർമിച്ചു നൽകിയ ചെറിയ വീട്ടിലാണ് ബിന്ദുവും മകൾ ബീനയും താമസിക്കുന്നത്. പുതിയ വീട്ടിൽ താമസമാക്കി ഏതാനും വർഷങ്ങൾക്കുള്ളിൽതന്നെ പുതിയ താമസക്കാരായി ചിതലുകളുമെത്തി.
ആദ്യമാദ്യം ചെറിയ ചിതൽപുറ്റുകൾ ഉയർന്ന് വന്നപ്പോൾ അത് കാര്യമാക്കാതെ തട്ടിക്കളഞ്ഞ് വൃത്തിയാക്കിയിരുന്നു. എന്നാൽ പതിയെ പതിയെ വീട് മുഴുവൻ വലിയ ചിതൽപ്പുറ്റുകളാൽ നിറഞ്ഞു. ചിതൽപുറ്റുകളെ ഒഴിവാക്കാൻ പലമാർഗങ്ങളും പരീക്ഷിച്ചിട്ടും ഒന്നും ഫലം കണ്ടില്ല. വീട്ടിനുള്ളിൽ താമസിക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതോടെ കോളനി യിൽതന്നെയുള്ള ബിന്ദുവിന്റെ അമ്മ മാരയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.
മേൽക്കൂര വാർത്തതാണെങ്കിലും മഴയിൽ ചോർന്നൊലിക്കും. രണ്ട് മുറികൾ മാത്രമുള്ള ഈ കൊച്ചിവീട്ടിൽ ഏട്ടോളം അംഗങ്ങളാണ് താമസിക്കുന്നത്. ബിന്ദുവിനും മകൾക്കുമായി താമസിക്കാൻ അധികൃതർ പു തിയ വീട് നിർമിച്ച് നൽകണമെന്നാണ് കോളനിവാസികൾ ആവശ്യപ്പെടുന്നത്.
Read Also: ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട മൂന്നര വയസുകാരൻ മരിച്ചു; അപകടം വീട്ടുകാരുടെ കൂടെ പുഴകാണാൻ പോയപ്പോൾ