പാലക്കാട്: ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഇനിയുള്ള മൂന്നു ദിവസങ്ങൾ കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ രാവിലെ പൂജകൾക്കു ശേഷം 10.30 യ്ക്കും 11.30നും ഇടയ്ക്കാണു രഥാരോഹണം. തുടർന്ന് മൂന്നു രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും.
ഭക്തരാണ് തേരുവലിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും രാവിലെ മുതൽ കൽപ്പാത്തി കേന്ദ്രീകരിച്ചുണ്ടാകും പ്രചാരണം നടത്തുക
ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലാണ് ഇത്തവണ കൽപ്പാത്തി രഥോൽസവം നടക്കുന്നത്. രഥോത്സവത്തിന്റെ പ്രധാന ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പ് ഈ മാസം 20 ലേക്ക് മാറ്റിയിരുന്നു. ജില്ലയിലെ പ്രമുഖ സ്ഥാനാർത്ഥികൾ എല്ലാവരും ക്ഷേത്രത്തിലെത്തും.
കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ഉത്സവ കാലം തുടങ്ങുന്നത് കൽപ്പാത്തി രഥോത്സവം ആരംഭിക്കുന്നതോടെയാണ്. കരിയും കരിമരുന്ന് പ്രയോഗവും കാളവേല കുതിര വേല തുടങ്ങി വ്യത്യസ്ഥമായ കാഴ്ച്ചാനുഭവമാണ് കൽപ്പാത്തി രഥോത്സവം സമ്മാനിക്കുന്നത്.
വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം,പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിലാണ്. ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം.