തിരുവനന്തപുരം: മൂന്നാറിന് ഓരോ കാലത്തും ഓരോരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയുമെങ്കിൽ ഫെബ്രുവരി അവസാനത്തോടെ വയലറ്റ് വസന്തത്തിന് തുടക്കമാകും.
തേയിലത്തോട്ടങ്ങൾക്ക് നടുവിലും അതിരിട്ടുനിൽക്കുന്ന പാതയോരങ്ങളിലും കൂട്ടമായി പൂവിട്ടുനിൽക്കുന്ന ജക്കറാന്ത മരങ്ങൾ കാണാൻ സഞ്ചാരികളുടെ തിരക്കാണ്.
നീലാകാശത്തിനും പച്ചപരവതാനി വിരിച്ച തേയിലത്തോട്ടത്തിനും നടുവിലായി കണ്ണിനും മനസ്സിനും കുളിർമയേകി വയലറ്റ് നിറം ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ ഈ വയലറ്റ് വസന്തം കാണാൻ എത്തുന്നവർ അൽട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്നാണ് പുതിയ റിപ്പോർട്ട് .
ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പുറത്തുവന്നത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് രണ്ടിടത്തും എട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അള്‍ട്രാ വയലറ്റ് സൂചിക ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കാറുള്ളത്.
ചെങ്ങന്നൂർ (ഏഴ്), കോന്നി (ഏഴ്), ചങ്ങനാശേരി (ആറ്), തൃത്താല (ആറ്), പൊന്നാനി (ആറ്), എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
റിപ്പോർട്ട് പ്രകാരം പകൽ 10 മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണം. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.